മുത്തലാഖ് പോലെ നിരോധിക്കപ്പെടേണ്ട ദുരാചാരമാണ് ഹലാല്‍ ബോര്‍ഡുകളെന്ന് ബി.ജെ.പി നേതാവ്

തിരുവനന്തപുരം: പൊതുഇടങ്ങളിലെ ഹലാല്‍ ബോര്‍ഡുകള്‍ മുത്തലാഖ് നിരോധിക്കും പോലെ നിരോധിക്കണമെന്ന് ബിജെപി നേതാവ് പി.സുധീര്‍. എവിടെങ്കിലും സമീപകാലത്ത് ഹലാല്‍ ബോര്‍ഡുകള്‍ കണ്ടിട്ടുണ്ടോ? പൊടുന്നനെയാണ് എല്ലാ പ്രധാന സ്ഥലങ്ങളിലും ഹലാല്‍ ബോര്‍ഡുകള്‍ കാണാന്‍ കഴിഞ്ഞത്. ഇതിന് കാരണം തീവ്രവാദികള്‍ മതത്തെ കൂട്ടുപിടിക്കുന്നതാണ്. മത പണ്ഡിതന്മാര്‍ ഇത് തിരുത്താന്‍ തയ്യാറാകണമെന്നും പി.സുധീര്‍ ആവശ്യപ്പെട്ടു.

ഹലാലിന്റെ പേരിലുളള വര്‍ഗീയ അജണ്ട നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതായി പി.സുധീര്‍ അഭിപ്രായപ്പെട്ടു. ‘ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബിജെപി വിശ്വസിക്കുന്നില്ല. ഇസ്ലാമിക പണ്ഡിതരും ഇത് അനുകൂലിക്കുമെന്ന് തോന്നുന്നില്ല. മതത്തിന്റെ മുഖാവരണം നല്‍കി കേരളത്തിന്റെ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട തീവ്രവാദസംഘടനകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു.’ പി.സുധീര്‍ പറഞ്ഞു. കുറേ എസ്ഡിപിഐ തീവ്രവാദികളുടെയും കുറേ ജമാഅത്തെ ഇസ്ലാമി തീവ്രവാദികളുടെയും അജണ്ടയാണിത്. അദ്ദേഹം അഭിപ്രായപ്പെട്ടു.

തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടെന്ന് പറഞ്ഞ പി.സുധീര്‍ പാലക്കാട്ട് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിക്കുകയാണ് സര്‍ക്കാരെന്നും പോപ്പുലര്‍ഫ്രണ്ട് ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നെന്നും ആരോപിച്ചു.

എന്നാല്‍ വിവാദത്തില്‍ പാര്‍ട്ടി അഭിപ്രായത്തോട് വിപരീതമായി പ്രതികരിച്ച സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും പറഞ്ഞു. പാര്‍ട്ടി ഭാരവാഹികള്‍ വ്യക്തിപരമായ നിലപാട് സ്വീകരിക്കുമ്പോള്‍ അത് പാര്‍ട്ടി നിലപാടുമായി ചേര്‍ന്നുപോകുന്നതാകണം.അല്ലാത്തപക്ഷം അത് പാര്‍ട്ടി പരിശോധിക്കും.

ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്നായിരുന്നു വിവാദത്തില്‍ സന്ദീപ് വാര്യര്‍ പറഞ്ഞത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിഷയത്തിലെ നിലപാടിന് ഘടകവിരുദ്ധമായിരുന്നു സന്ദീപിന്റെ നിലപാട്. പാര്‍ട്ടി വക്താക്കള്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി അഭിപ്രായപ്രകടനം നടത്തരുതെന്ന് ഈ മാസം രണ്ടിന് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് ലംഘിച്ച് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

Top