മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ അന്തരിച്ചു

കൊച്ചി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്‍ (78) അന്തരിച്ചു. കരള്‍ അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്ന പി പി മുകുന്ദന്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. ആര്‍എസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകള്‍ വഹിച്ചിരുന്ന അദ്ദേഹം നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയനായിരുന്നു.

കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് തറവാട്ടില്‍ കൃഷ്ണന്‍ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബര്‍ 9 നാണ് പി.പി.മുകുന്ദന്‍ ജനിച്ചത്. മണത്തല യുപി സ്‌കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. 1972 ല്‍ തൃശൂര്‍ ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു.

Top