ഖുശ്ബുവിനെതിരെ കേസെടുക്കുമോ?; പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോൺഗ്രസ്‌

ഡൽഹി. മോദി പരാമർശത്തിൽ രാ​ഹുൽ ​ഗാന്ധിയെ ശിക്ഷിക്കുകയും ലോക്‌സഭ അം​ഗത്വത്തിൽ നിന്നും അയോ​ഗ്യനാക്കുകയും ചെയ്‌തതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ഒരു ട്വീറ്റ് വൈറലാകുന്നു. അഴിമതി എന്ന വാക്കിന് പകരം മോദി എന്നാക്കണമെന്നായിരുന്നു 2018ൽ പോസ്റ്റ് ചെയ്‌ത ഒരു ട്വീറ്റിൽ ഖുശ്‌ബു പറഞ്ഞത്.

അവർ അന്ന് കോൺ​ഗ്രസ് പ്രവർത്തകയായിരുന്നു. നിരവധി കോൺ​ഗ്രസ് പ്രവർത്തകർ ട്വീറ്റ് റീട്വീറ്റ് ചെയ്‌തിട്ടുണ്ട്. മോദി പരാമർശത്തിൽ രാഹുലിനെതിരെ നടപടിയെടുത്തത് പോലെ ഖുശ്ബു സുന്ദറിനെതിരെ കേസ് നൽകുമോ എന്ന് ചോദിച്ചു കൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്തു. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

‘എല്ലാ കള്ളൻമാർക്കും എന്തുകൊണ്ടാണ് മോദി എന്ന പൊതുവായ പേര്’ എന്ന പരാമർശത്തിനാണ് രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ ലോക്‌സഭ അം​ഗ്വത്തിൽ നിന്നും അദ്ദേഹത്തെ അയോ​ഗ്യനാക്കുകയും ചെയ്‌തിരുന്നു.

എന്നാൽ പഴയ ട്വീറ്റ് പിൻവലിക്കുകയോ അതിൽ പ്രതികരിക്കാനോ ഖുശ്ബു ഇതുവരെ തയ്യാറായിട്ടില്ല. കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഖുശ്‌ബു ഇപ്പോൾ ദേശീയ വനിത കമ്മീഷൻ അം​ഗമാണ്. അതേസമയം ​രാഹുൽ ​ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോ​ഗ്യനാക്കിയതിനെ കുറച്ച് ‘നിർഭാഗ്യവശാൽ താൻ ഒരു പാർലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി. പോസിറ്റീവ് ആയി ചിന്തിക്കുക. നിഷേധാത്മകത നിങ്ങളെ എവിടേയും എത്തിക്കില്ല’ എന്ന് ഖുശ്ബു ട്വീറ്റ് ചെയ്‌തിരുന്നു.

ലോക്‌സഭ അം​ഗങ്ങൾ ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷമോ ജയിൽശിക്ഷ ലഭിച്ചാൽ അവരെ അയോ​ഗ്യരാക്കണമെന്നാണ് 1951ലെ ജനപ്രതിനിധി നിയമം. ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകാൻ മുൻപ് മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ 2013-ൽ ലില്ലി തോമസ് എന്ന അഭിഭാഷക സമർപ്പിച്ച ഹർജിയിൽ അപ്പീൽ സമയമായ മൂന്ന് മാസം അയോഗ്യത കൽപിക്കാനാവില്ലെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ഇതിനെ മറികടക്കാൻ അന്നത്തെ യുപിഎ സർക്കാർ കൊണ്ട് വന്ന ഓർഡിനൻസ് ​രാഹുൽ ​ഗാന്ധി കീറിക്കളഞ്ഞിരുന്നു. ഒരുപക്ഷേ ആ ഓർഡിനൻസ് അന്ന് പാസായിരുന്നെങ്കിൽ രാഹുലിനെതിരായ നടപടി കുറച്ചുനാൾ കൂടി നീട്ടിക്കൊണ്ടുപോകാമായിരുന്നു.

Top