BJP leader in UP compares Mayawati to a prostitute

മീററ്റ്: ബിഎസ്പി നേതാവ് മായാവതിയെ വേശ്യയോട് ഉപമിച്ച് ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിംഗ്. സംഭവം വിവാദമായതോടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ക്ഷമാപണം നടത്തി രക്ഷയ്‌ക്കെത്തി. മായാവതി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സീറ്റുകള്‍ വില്‍പ്പന നടത്തുന്നതിനെ പരിഹസിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.

ഒരു വേശ്യപോലും ഒരാളുമായി ഒരു കരാര്‍ ഉണ്ടാക്കിയാല്‍ അതില്‍ ഉറച്ചു നില്‍ക്കും. എന്നാല്‍ ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി മായാവതി പാര്‍ട്ടി ടിക്കറ്റുകള്‍ വില്‍ക്കുന്നതില്‍ ഇത്തരം മാന്യത കാണിക്കാറില്ല. ഒരാള്‍ക്ക് ഒരു കോടി രൂപയ്ക്ക് വിറ്റ സീറ്റ് മറ്റൊരാള്‍ രണ്ട് കോടിയുമായി വന്നാല്‍ അയാള്‍ക്ക് മറിച്ച് വില്‍ക്കും. ഇതായിരുന്നു സിംഗിന്റെ വിവാദപരമായ പരാമര്‍ശം.

മായാവതിയുടെ കാലം അവസാനിച്ചെന്നും, ബിഎസ്പി സ്ഥാവകനേതാവ് കാന്‍ഷി റാമിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തു കളഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരാമര്‍ശം വിവാദമായതോടെ ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് മൗര്യ ക്ഷമാപണവുമായി രംഗത്തെത്തി. ഇത് തെറ്റായ വാക്കുകളാണെന്നും താന്‍ ക്ഷമ ചോദിക്കുന്നതായും മൗര്യ പറഞ്ഞു. ഇത്തരം വാക്കുകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിഎസ്പിക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ബിജെപി നേതാക്കള്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നതെന്ന് മായാവതി പ്രതികരിച്ചു.

Top