പാര്‍ട്ടിയെ സ്ഥിരമായി വിമര്‍ശിക്കുന്ന നേതാക്കളെ പുറത്താക്കണമെന്ന് ബിജെപി നേതാവ്

ഹൈദരാബാദ്: പാര്‍ട്ടിക്കെതിരെ സ്ഥിരമായി വിമര്‍ശനമുയര്‍ത്തുന്ന യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയ ബിജെപി നേതാക്കളെ പുറത്താക്കണമെന്ന് തെലങ്കാന ബിജെപി നേതാവ്.

തെലങ്കാന ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവുവാണ് വിമത നേതാക്കള്‍ക്കെതിരേ വിമര്‍ശനമുയര്‍ത്തിയത്. ഇരുനേതാക്കളും പാര്‍ട്ടി അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടന്നെന്നും റാവു കുറ്റപ്പെടുത്തി.

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും യശ്വന്ത് സിന്‍ഹ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. ജയ്റ്റ്ലിയെ ധനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കണമെന്നുവരെ സിന്‍ഹ ആവശ്യപ്പെട്ടു.

വണ്‍മാന്‍ഷോ- ടു മാന്‍ ആര്‍മി ഭരണം അവസാനിപ്പിക്കണമെന്നായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ വിമര്‍ശനം.

ഇതിനു പിന്നാലെയാണ് വിമത നേതാക്കളെ പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി വക്താവ് രംഗത്തെത്തിയത്.

Top