തെലങ്കാനയിൽ ബിജെപി നേതാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സെർലിംഗമ്പള്ളി മണ്ഡലത്തിലെ ബി.ജെ.പി നേതാവ് ജ്ഞാനേന്ദ്ര പ്രസാദാണ് തൂങ്ങി മരിച്ചത്. തിങ്കളാഴ്ച മിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

മരണവിവരം ലഭിച്ചയുടൻ അന്വേഷണ സംഘം സംഭവസ്ഥലത്തെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജ്ഞാനേന്ദ്ര പ്രസാദ് തന്റെ പെന്റ്ഹൗസിലായിരുന്നു താമസം. രാവിലെ 11 മണിയോടെയാണ് ജ്ഞാനേന്ദ്ര പ്രസാദിനെ പെന്റ്ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കുടുംബാംഗമാണ് കണ്ടത്. വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴത്തേക്കും മരിച്ചിരുന്നു.

Top