കേരളത്തോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മനയം; ആരോപണം നിഷേധിച്ച് ബിജെപി നേതാവ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റേയും കടകംപള്ളി സുരേന്ദ്രന്റേയും മറ്റ് സിപിഎം നേതാക്കളുടേയും ആരോപണം അര്‍ത്ഥശൂന്യവും കാര്യങ്ങള്‍ പഠിക്കാതെയും മനസ്സിലാക്കാതെയും പറയുന്ന പൊള്ളവാദങ്ങളാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേരള സര്‍ക്കാരിനോട് കേന്ദ്രം ചിറ്റമ്മനയം കാണിക്കുന്നവെന്ന ആരോപണം നിഷേധിച്ചാണ് ബിജെപി നേതാവിന്റെ വിശദീകരണം.

ധനമന്ത്രി കാര്യങ്ങള്‍ മറച്ച് വയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ കാര്യങ്ങള്‍ പഠിക്കാതെ പറയുകയാണ്. അര്‍ഹമായ തുക കേരളത്തിന് ലഭിച്ചിട്ടുണ്ട്. ധനക്കമ്മി കുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ട് ദിവസം മുന്‍പ് അഡ്വാന്‍സ് പണം നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ കിട്ടിയത് കേരളത്തിനാണ്. 1256 കോടി രൂപയാണ് അനുവദിച്ചത്. ദുരന്തനിവാരണ ഫണ്ടിന്റെ കാര്യമാണങ്കില്‍ അത് വിതരണം ചെയ്യുന്നത് പതിനഞ്ചാം ഫിനാന്‍സ് കമ്മീഷനാണ്. പ്രധാനമന്ത്രി നേരിട്ട് കൊടുക്കുന്നതല്ല.

കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ധനകാര്യ മന്ത്രാലയം വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഫിനാന്‍സ് കമ്മീഷന്റെ ശുപാര്‍ശയ്ക്ക് ആധാരം സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും ചേര്‍ന്ന് രൂപികരിച്ച സമിതി സമര്‍പ്പിച്ച ഫോര്‍മുലയാണ്. ജനസംഖ്യ, ഭൂപരിധി, ദുരന്ത നാശനഷ്ടം, മുന്‍ ഫണ്ട് വിനിയോഗം, പ്രതിരോധ പ്രവര്‍ത്തനം എന്നീ അഞ്ച് ഘടകങ്ങളാണ് അടിസ്ഥാനം. ഈ ഫോര്‍മുല വെച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഫണ്ട് ചിറ്റമ്മനയം വെച്ച് കുറക്കാന്‍ കഴിയില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം കുറച്ചു എന്ന് ഈ ഫോര്‍മുല വച്ച് പറയാന്‍ കേരളത്തിന്റെ ധനമന്ത്രിയെ വെല്ലുവിളിക്കുകയാണ്. കേരളം ആവശ്യപ്പെട്ടതും അര്‍ഹതപ്പെട്ടതും മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്ന പോലെ കേരളത്തിനും ലഭിച്ചു. ഫോര്‍മുല വെച്ച് കേരളത്തിന്റെ രണ്ടിരട്ടി ജനസംഖ്യ കര്‍ണ്ണാടകത്തില്‍ ഉണ്ട്. അവര്‍ക്ക് ലഭിച്ചത് 362 കോടിയാണ്.

മൂന്നിരട്ടി കൂടുതലുള്ള മഹാരാഷ്ട്രയിലും എഴിരട്ടി കൂടുതലുള്ള ഉത്തര്‍പ്രദേശിലും ബിഹാറിലും ഫണ്ട് കൂടുതല്‍ കൊടുത്തു എന്ന് ആരോപണം ഉന്നയിക്കുന്നത് അപലപനീയമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.വസ്തുതകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടത് കാട്ടിയിട്ടില്ല എന്ന് ധനമന്ത്രി തെളിവുകള്‍ നിരത്തിയാല്‍ ബിജെപി കേരള ഘടകം കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് വാങ്ങിയെടുക്കാന്‍ ധനമന്ത്രിയുടെ കൂടെ നില്‍ക്കാമെന്നും അദ്ദേം കൂട്ടിച്ചേര്‍ത്തു.

Top