ബിജെപി നേതാവിനെയും ബന്ധുക്കളെയും ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

crime

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി ജെ പി നേതാവിനെയും കുടുംബത്തെയും ആക്രമിച്ച് അജ്ഞാതസംഘം സ്വര്‍ണവും പണവും കവര്‍ന്നു. ബര്‍വാണിയിലെ ബി ജെ പി നേതാവായ ജിതേന്ദ്ര സോണിയും മകന്‍ രവേന്ദ്രയും രണ്ടു ബന്ധുക്കളുമാണ് ആക്രമണത്തിനിരയായത്. അമ്പതിനായിരം രൂപ, മുപ്പതു കിലോ വെള്ളി, സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ മോഷ്ടിച്ച് സംഘം കടന്നു കളഞ്ഞു.

ഞായറാഴ്ച ബര്‍വാണി ജില്ലയിലെ ചാര്‍വിയിലെ ഗ്രാമച്ചന്തയില്‍നിന്ന് വാഹനത്തില്‍ മടങ്ങവെയാണ് സംഭവം. ജിതേന്ദ്രയാണ് വാഹനം ഓടിച്ചിരുന്നത്. രണ്ടുമോട്ടോര്‍ ബൈക്കില്‍ ജിതേന്ദ്രയെ പിന്തുടര്‍ന്ന അക്രമിസംഘം വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഭയന്ന ജിതേന്ദ്ര വാഹനം വീതികുറഞ്ഞ റോഡിലൂടെ വഴിതിരിച്ചു വിട്ടു.

പിന്നീട് വാഹനം മുന്നോട്ട് ഓടിക്കാന്‍ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. അക്രമിസംഘം പിന്തുടര്‍ന്നെത്തി ജിതേന്ദ്രയെയും ബന്ധുക്കളെയും ഉപദ്രവിച്ച് പണവും സ്വര്‍ണവും അപഹരിക്കുകയായിരുന്നു. മാത്രമല്ല ജിതേന്ദ്രയുടെ വാഹനത്തിന്റെ താക്കോലും അക്രമിസംഘം കൈക്കലാക്കി. തുടര്‍ന്ന് ജിതേന്ദ്രയെയും ബന്ധുക്കളെയും ആശുപത്രിയില്‍ എത്തിച്ചതായും പരിക്കുകള്‍ ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു

Top