ബിജെപി എം.പിയുടെ കാലുകഴുകി കുടിച്ച് അണികള്‍, വീഡിയോ വിവാദത്തില്‍

ഗോദ്ദ: ബിജെപി പ്രവര്‍ത്തകര്‍ എംപി നിഷികാന്ത് ദുബെയുടെ കാലുകഴുകി വെള്ളം കുടിക്കുന്ന വീഡിയോ വിവാദത്തില്‍. ജാര്‍ഖണ്ഡിലെ ഗൂഡ്ഡൂ മണ്ഡലത്തിലായിരുന്നു സംഭവം. ഗ്രാമത്തിലെ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. ഇവിടെ വച്ചാണ് അദ്ദേഹത്തിന്റെ കാലുകള്‍ കഴുകി അണികള്‍ ആ വെള്ളം കുടിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകനായ പവനാണ് എംപിയുടെ കാലുകള്‍ കഴുകി തുടച്ച് മലിനജലം തീര്‍ത്ഥം പോലെ കുടിച്ചത്. ഇതിനെല്ലാം എംപി ചിരിയോടെ വേദിയില്‍ നിന്ന് അനുവാദം നല്‍കുകയായിരുന്നു.

സംഭവം ചിത്രീകരിച്ച് നിഷികാന്ത് ദുബെ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ എംപി പിന്നീടിത് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു.

മുന്‍പും വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് നിഷികാന്ത്. ജൂലൈയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയായിരുന്നു എംപിയുടെ അധിക്ഷേപം. രാഹുലിനെ കെട്ടിപ്പിടിച്ചാല്‍ വിവാഹ മോചനം നേടേണ്ടി വരുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നുണ്ടെന്നായിരുന്നു ദുബെയുടെ അധിക്ഷേപം.

ബിജെപി നേതാക്കളുടെ പ്രവര്‍ത്തികള്‍ അതിരു കടന്നെന്ന് മറ്റ് പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍, ഭഗവാന്‍ ശ്രീകൃഷ്ണന് സമാനമായ സ്ഥാനമാണ് തനിക്കുള്ളതെന്നാണ് ബിജെപി നേതാവിന്റെ വാദം.

Top