എംപിമാര്‍ മുങ്ങുന്നു; ബിജെപി എംപിമാര്‍ക്ക് കണക്കിന് കൊടുത്ത് രാജ്‌നാഥ് സിംഗ്

തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് മുങ്ങുന്ന ബിജെപി എംപിമാരുടെ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി അംഗങ്ങള്‍ക്ക് താക്കീതുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചെയ്യുന്ന ജോലി പ്രാധാന്യത്തോടെ കാണണമെന്ന് രാജ്‌നാഥ് ഭരണകക്ഷിയിലെ അംഗങ്ങളോട് വ്യക്തമാക്കി.

‘പാര്‍ലമെന്റില്‍ എത്തുന്ന എംപിമാരുടെ അച്ചടക്കം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്’, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തില്‍ സിംഗ് വ്യക്തമാക്കി. പല തവണ ഉപദേശിച്ചിട്ടും സ്ഥിതി മെച്ചപ്പെടാത്തതില്‍ പ്രധാനമന്ത്രി അതൃപ്തനാണെന്നും മുതിര്‍ന്ന മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ജൂലൈയിലാണ് പ്രധാനമന്ത്രി ഈ വിഷയത്തിലുള്ള തന്റെ നിരാശ എംപിമാരോട് വ്യക്തമാക്കിയത്. ഏതെങ്കിലും എംപിയുടെ മണ്ഡലത്തില്‍ ഒരു പൊതുയോഗത്തില്‍ താനോ, അമിത് ഷായോ എത്താമെന്ന് ഉറപ്പ് നല്‍കിയ ശേഷം അവിടെ എത്തിച്ചേരാതെ പോയാല്‍ എങ്ങിനെ തോന്നുമെന്നായിരുന്നു മോദി അന്ന് ചോദിച്ചത്. ബിജെപിയുടെ 303 എംപിമാരില്‍ 133 പേരും പുതിയ അംഗങ്ങളാണ്.

പൗരത്വ ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് രാജ്‌നാഥ് സിംഗ് അംഗങ്ങള്‍ക്ക് താക്കീത് നല്‍കിയത്. പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പൗരത്വം ഫാസ്റ്റ് ട്രാക്ക് രീതിയില്‍ ലഭ്യമാക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. വരും ദിവസങ്ങളില്‍ സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ സഭയില്‍ ഹാജരാകണമെന്ന് രാജ്‌നാഥ് സിംഗ് പാര്‍ട്ടി എംപിമാരെ ഓര്‍മ്മിച്ചു.

Top