തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം കാറ്റില്‍ പറത്തി ബിജെപിയുടെ വെട്രിവേല്‍ യാത്ര!

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ അനുമതി നിഷേധിച്ച് ബിജെപിയുടെ വെട്രിവേല്‍ യാത്ര തുടങ്ങി. വേല്‍ യാത്രയെ തടയാന്‍ ആര്‍ക്കുമാവില്ലെന്നാണ് ബിജെപിയുടെ വാദം. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ ബിജെപിക്ക് യാത്ര നടത്താന്‍ അനുമതി നിഷേധിച്ചത്. യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം പൂനമല്ലിക്ക് സമീപം പൊലീസ് തടഞ്ഞുവെങ്കിലും പ്രവര്‍ത്തകരുമായുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ യാത്ര തുടരുകയാണ്.

തമിഴ്‌നാട് അധ്യക്ഷന്‍ എല്‍ മുരുകന്‍ നയിക്കുന്ന പര്യടനത്തില്‍ യോഗി ആദിത്യനാഥ് ഉള്‍പ്പടെ ബിജെപി ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പുറമേ കൂടുതല്‍ സിനിമാ താരങ്ങളെയും പങ്കെടുപ്പിക്കും.

മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലുടനീളം ഒരു മാസം നീണ്ടുനില്‍ക്കുന്ന സ്വീകരണ പരിപാടികളുമായാണ് വേല്‍യാത്ര വിഭാവനം ചെയ്തിട്ടുള്ളത്. മാറ്റത്തിന്റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.

Top