ആര്‍ട്ടിക്കിള്‍ 370: മോദിയുടെ 70വര്‍ഷത്തെ കാത്തിരിപ്പ്; ചിത്രം പുറത്ത് വിട്ട് രാം മാധവ്

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയൊരു സമര ചിത്രവും അതിന്റെ ചരിത്രവും പുറത്ത് വിട്ട് ബിജെപി ദേശീയ ജനറല്‍സെക്രട്ടറി രാം മാധവ്.

‘ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയൂ, തീവ്രവാദത്തേയും’ എന്നെഴുതിയ ബാനറിന് കീഴില്‍ ചെറുപ്പത്തിലുള്ള മോദി കൈമുട്ട് കുത്തി കിടക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ഗംഭീരമായ ദിവസമാണിതെന്നും ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണാനുള്ള 70 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണെന്നും, ഡോക്ടര്‍ ശ്യാമ പ്രസാദ് മുഖര്‍ജി അടക്കമുള്ളവരുടെ രക്തസാക്ഷിത്വം വിഫലമായില്ലെന്നുമാണ് റാം മാധവ് ട്വീറ്റ് ചെയ്തത്. ഇതാരെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്നും റാം മാധവ് ചോദിച്ചു.

ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഇന്നലെ രാവിലെ 11 മണിക്കാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ജമ്മുകാശ്മീര്‍ ഇനി നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാകും. ലഡാക്ക്, ജമ്മു ആന്‍ഡ് കാശ്മീര്‍ എന്നീ രണ്ട് പ്രദേശങ്ങളായാണ് ജമ്മു കാശ്മീരിനെ വിഭജിച്ചത്. എന്നാല്‍ ലഡാക്കില്‍ നിയമസഭാ ഉണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ തീരുമാനം എടുത്തത്.

Top