ബിജെപി പട്ടികയെ ചൊല്ലി അനിശ്ചിതത്വം. . . ആരു വന്നാലും ഗുണം ചെയ്യുമെന്ന് കുമ്മനം

kummanam rajasekharan

ന്യൂഡല്‍ഹി: താല്‍പ്പര്യമില്ലാത്ത മണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന നേതാക്കളുടെ നിലപാടിനെ തുടര്‍ന്ന് ബിജെപിയില്‍ അനിശ്ചിതത്വം. ആറ്റിങ്ങലില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ശോഭാ സുരേന്ദ്രന്‍ പാലക്കാടിന് വേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ്.

കോഴിക്കോട് നില്‍ക്കില്ലെന്നാണ് എം ടി രമേശ് വ്യക്തമാക്കിയിരിക്കുന്നത്. ത്യശൂരോ പത്തനംതിട്ടയോ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് സുരേന്ദ്രനും ഉറപ്പിച്ച് പറഞ്ഞതോടെ കേന്ദ്രനേതൃത്വം പ്രതിസന്ധിയിലാണ്. പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്നാണ്‌ കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്.

അതേസമയം ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ബിജെപിയിലേക്ക് ആരു വന്നാലും ഗുണം ചെയ്യുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ഇതിനിടെ, ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുവാനാണ് നീക്കം നടക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, കെ.വി.തോമസിനെ ഒപ്പം കൂട്ടാന്‍ ബിജെപി നേതാക്കള്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയിരുന്നു.

പ്രചരിക്കുന്ന വാര്‍ത്തകള്‍ സാങ്കല്‍പ്പികം മാത്രമാണെന്നും കെ.വി.തോമസുമായി എന്‍ഡിഎയോ ബിജെപി നേതാക്കളാരെങ്കിലുമോ യൊതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള അറിയിച്ചിരുന്നു.

Top