ആറ് മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് ബിജെപി, എല്ലാ മാസവും കേന്ദ്ര നേതാക്കള്‍ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്സഭ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാൻ നിർദേശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ബൂത്ത് ഇൻ ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി വീട് കയറൽ അടക്കം നടത്തണമെന്നാണ് നിർദേശം.

തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ആയിരുന്നു നിർദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുക്കണം എന്നും ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു. മണ്ഡലത്തിൻറെ ചുമതലയുള്ള ദേശീയ നേതാക്കൾ ഓരോ മാസവും നേരിട്ടത്തി പ്രവർത്തനം ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് സീറ്റുകൾ ലക്ഷ്യമിട്ടാണ് കർമ്മ പദ്ധതി.

കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മ പദ്ധതി ദേശീയ അധ്യക്ഷൻ തന്നെ മുന്നോട്ട് വച്ചിട്ടുള്ളത്. ഇന്ന് മുതൽ ആറ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടങ്ങണമെന്നാണ് നദ്ദയുടെ നിർദേശം. ദേശീയ തലത്തിൽ തയാറാക്കിയ പട്ടികയിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് പാർട്ടി വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കർമ്മ പദ്ധതി നടപ്പാക്കുന്നത്. അതേസമയം, കേരള സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ജെ പി നദ്ദ ഇന്നലെ ഉയർത്തിയത്.

Top