തിരുവനന്തപുരത്ത് രാഷ്ട്രീയ അട്ടിമറിക്ക് ബി.ജെ.പി, ചങ്കിടിപ്പോടെ മുന്നണികൾ !

രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടക്കുന്ന ലോകസഭ മണ്ഡലമായി ഇനി തിരുവനന്തപുരം മാറും. ചരിത്രത്തില്‍ ആദ്യമായി ലോകസഭയിലേക്ക് കേരളത്തില്‍ നിന്നും ഒരാള്‍ ഇത്തവണ ജയിച്ച് കയറുമെന്ന് തന്നെയാണ് ബി.ജെ.പി ദേശീയ നേതൃത്വവും കണക്ക് കൂട്ടുന്നത്.

നാല് സീറ്റു വരെ ബി.ജെ.പി നേടിയാല്‍ അത്ഭുതമില്ലെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ തവണ വിജയ സമാനമായ മുന്നേറ്റമാണ് ബി.ജെ.പി തലസ്ഥാനത്ത് നടത്തിയത്. ഇടതുപക്ഷത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

ഒരു ലോകസഭ സീറ്റില്‍ ബി.ജെ.പി വിജയിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനം ഭീകരമായിരിക്കും.

നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ അത്തരമൊരു വിജയം ബി.ജെ.പിക്ക് നല്‍കുന്ന ആത്മവിശ്വാസവും വളരെ വലുതായിരിക്കും. ഇടതു – വലതു മുന്നണികള്‍ക്ക് വന്‍ പ്രഹരം മാത്രമല്ല, പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനു തന്നെ ഇത്തരമൊരു സാഹചര്യം വഴി ഒരുക്കും.

സിറ്റിംഗ് എം.പി ശശി തരൂര്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും അവതരിക്കുമ്പോള്‍ ഇടതുപക്ഷമാണ് ഏറെ പ്രതിരോധത്തിലാകുന്നത്. ബി ജെ പിയും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നതിനാല്‍ ഇടതു സ്ഥാനാര്‍ത്ഥി മോശക്കാരനാകരുത് എന്നതാണ് സി.പി.എം നിലപാട്.

മുന്നണി ധാരണ പ്രകാരം നിരവധി വര്‍ഷങ്ങളായി സി.പി.ഐ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക അല്ലെങ്കില്‍ മണ്ഡലം വിട്ടു നല്‍കുക എന്നതാണ് സി.പി.എം നേതൃത്വം സി.പി.ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന തലസ്ഥാനത്ത് നിന്നു തന്നെ ബി.ജെ.പി വിജയിച്ചാല്‍ ദേശീയ തലത്തില്‍ വലിയ പ്രഹരമാകുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്.

ബി.ജെ.പിയാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു മുന്‍പ് തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തനവും തുടങ്ങി കഴിഞ്ഞു. ആര്‍.എസ്.എസ് നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ സകല ശക്തിയും ഇവിടെ ബി.ജെ.പി ഉപയോഗപ്പെടുത്തുന്നുണ്ട്. നിരവധി കേന്ദ്ര നേതാക്കളെ പ്രചരണത്തിനിറക്കാനും ഇതിനകം തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാകുന്ന സ്ഥാനാര്‍ത്ഥിയെ തന്നെയാകും രംഗത്തിറക്കുകയെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കുന്ന സൂചന.

sasi-tharoor

കോണ്‍ഗ്രസ്സുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആണെന്നും ഇടതുപക്ഷം ചിത്രത്തില്‍ ഇല്ലെന്നുമാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെട്ടുന്നത്.

കഴിഞ്ഞ തവണ 15,470 വോട്ടിനാണ് ശശി തരൂര്‍ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ 2,82,336 വോട്ട് നേടിയപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാമിന് 2,48,941 വോട്ടു കൊണ്ട് തൃപ്തിപെടേണ്ടി വന്നിരുന്നു.

തിരുവനന്തപുരത്തിനു പുറമെ ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ലോകസഭ മണ്ഡലങ്ങളിലും തീ പാറുന്ന ത്രികോണ മത്സരത്തിനാണ് ബി.ജെ.പി ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

സി.പി.എം ആകട്ടെ എന്തു തന്നെ വന്നാലും ഒരു സീറ്റ് പോലും ബി.ജെ.പിക്ക് ലഭിക്കാതിരിക്കുന്നതിനായി പതിനെട്ടടവും പയറ്റാനുള്ള നീക്കത്തിലുമാണ്.

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ നിന്നും വിജയിക്കുന്ന എം.പിമാര്‍ കേന്ദ്രമന്ത്രിമാരാകും എന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചരണത്തിനാണ് സംഘ പരിവാര്‍ ഒരുങ്ങുന്നത്. ശശി തരൂര്‍ മത്രിയാകുമെന്ന പ്രചരണം തിരിച്ചടി ആകാതിരിക്കാനാണ് ഈ മറുതന്ത്രം.

പ്രധാനമന്ത്രിയാവാന്‍ പ്രതിപക്ഷത്ത് തന്നെ തമ്മിലടി ഇപ്പോള്‍ തുടങ്ങിയത് മോദി സര്‍ക്കാറിന്റെ രണ്ടാം ഊഴം ഉറപ്പിച്ചിരിക്കുകയാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.

നായര്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ ശശി തരൂരിന് കിട്ടിയ ഈ വിഭാഗത്തിന്റെ വോട്ടുകള്‍ ഇത്തവണ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ശബരിമല വിഷയത്തില്‍ ശക്തമായി എന്‍.എസ്.എസ് സംഘ പരിവാറിനൊപ്പം നിന്നതും മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയതും നായര്‍ വിഭാഗത്തെ സ്വാധീനിക്കുമെന്നാണ് കണക്കു കൂട്ടല്‍. അപ്രതീക്ഷിതമായി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇവിടെ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.

നിയമസഭയില്‍ അക്കൗണ്ട് തുറന്ന് ചരിത്രം സൃഷ്ടിച്ച ബി.ജെ.പിക്ക് മുന്നില്‍ ലോക സഭക്ക് അകത്തും പുതിയ ചരിത്രം സൃഷ്ടിക്കാന്‍ തിരുവനന്തപുരം ജനവിധി കാരണമാകുമോ എന്നത് ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

political reporter

Top