അഴിമതിയില്‍ ചുവടുതെറ്റി ബിജെപി ; ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പിലും ക്രമക്കേട്

BJP

കോഴിക്കോട്: കേരള ബിജെപി ഘടകത്തിന് ഇത് പ്രതിരോധത്തിന്റെ കാലം. മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ തലയ്ക്ക് മേലെ നില്‍ക്കുമ്പോള്‍ അടുത്ത വിവാദത്തില്‍ കുടുങ്ങി പാര്‍ട്ടി.

കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പു സംബന്ധിച്ചാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. വ്യാജ രസീതുകള്‍ അച്ചടിച്ച് പണം സമാഹരിച്ചെന്ന ആരോപണത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നു.

വ്യക്തികളില്‍ നിന്നും 5,000 മുതല്‍ 50,000 രൂപ വരെ ഈയിനത്തില്‍ പിരിച്ചിട്ടുണ്ടെന്നും മൊത്തം ഒരു കോടി രൂപയ്ക്ക് മുകളില്‍ സമാഹരിച്ചെന്നുമാണ് വിവരങ്ങള്‍.

വടകരയിലെ പ്രസ്സില്‍ വ്യാജ രസീത് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയത് സംസ്ഥാന കമ്മിറ്റി അംഗമായ എം. മോഹനനാണെന്നാണ് ആരോപണം. എന്നാല്‍ പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനായിരുന്നു ദേശീയ കൗണ്‍സിലിന്റെ സാമ്പത്തികകാര്യ ചുമതലയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മേഖല സംഘടനാ സെക്രട്ടറി കോവൈ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നതായും പിന്നീട് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം നിര്‍ത്തുകയായിരുന്നെന്നും ആരോപിക്കുന്നു.

Top