ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍, പിന്നെ ഒരു നാഥനെ വേണം! കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതൃത്വം ഇപ്പോള്‍ നാഥനില്ലാത്ത കളരി പോലെയാണ്. ബിജെപി സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് നീണ്ടുപോയ സംഘടനാ തെരഞ്ഞെടുപ്പ്, വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ബിജെപി ആരംഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര നേതാക്കള്‍ ജനുവരി ഏഴിന് കേരളത്തിലെത്തും.

ജി.വി.എല്‍ നരസിംഹ റാവൂ, ശിവപ്രകാശ് എന്നിവരാണ് ജനുവരി ഏഴിന് കേരളത്തിലെത്തുക. സംസ്ഥാന നേതാക്കളുമായി പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ജില്ലാ അധ്യക്ഷന്മാരുമായും വെവ്വേറെ കൂടിക്കാഴ്ചകള്‍ നടക്കും. ദേശീയ സംഘടനാ സെക്രട്ടറി വി.എല്‍ സന്തോഷും ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തും.

കൂടാതെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ആരാണെന്ന കാര്യം ജനുവരി 10ന് അറിയാമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍, കൃഷ്ണദാസ് പക്ഷത്തുനിന്ന് എം.ടി രമേശ്, മുരളീധര പക്ഷത്ത് നിന്ന് കെ.സുരേന്ദ്രന്‍ എന്നിവരാണ് പട്ടികയില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ചിരിക്കുന്നത്. വനിത എന്ന നിലയ്ക്ക് ശോഭാസുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. സംസ്ഥാന ആര്‍എസ്എസ് എടുക്കുന്ന നിലപാട് നിര്‍ണായകമാണ്.

പി.എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണര്‍ ആയി അധികാരമേറ്റ ശേഷമാണ് സംസ്ഥാന പ്രസിഡന്റ് ഇല്ലാത്ത പാര്‍ട്ടിയായി ബിജെപി മാറിയത്.

Top