bjp-kerala-assembly-election-cpim

ന്യൂഡല്‍ഹി : കേരളത്തില്‍ താമര വിരിയിക്കുക എന്ന പ്രഥമ അജണ്ടയോടൊപ്പം ഇടത് ഭരണം തിരികെ വരാതിരിക്കാന്‍ ജാഗ്രത പാലിക്കാനും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സാണ് ബി.ജെ.പി യുടെ മുഖ്യ ശത്രുവെങ്കിലും രാജ്യത്ത് ഏറ്റവും അധികം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും കേരളത്തിലാണെന്നതും പ്രതിസ്ഥാനത്ത് സി.പി.എം ആണ് എന്നതുമാണ് പ്രഥമ ‘പരിഗണന’ സി.പി.എമ്മിന് തന്നെ നല്‍കാന്‍ കാരണം.

സംഘ് പരിവാറിന്റെ തന്ത്രപ്രധാനമായ നീക്കം സംബന്ധിച്ച് നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

കേരളത്തില്‍ സി.പി.എം എത്ര ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രയും കരുത്തോടെ ബി.ജെ.പി കരുത്താര്‍ജ്ജിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷാ തന്നെ ദേശീയ നിര്‍വ്വാഹക സമിതിയോഗം ഉദ്ഘാടനം ചെയ്യവെ സൂചിപ്പിച്ചത് സി.പി.എമ്മിനോടുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ്.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ നിരന്തരമായി ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക ഉള്‍ക്കൊണ്ടാണ് ദേശീയ രാഷ്ട്രീയ സാഹചര്യം പോലും പരിഗണിക്കാതെ ഇടത് പക്ഷത്തെ ടാര്‍ഗറ്റ് ചെയ്യാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയുണ്ടായാല്‍ അത് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം നല്‍കുമെന്ന യാഥാര്‍ത്ഥ്യം പോലും കേരളത്തിലെ സംഘ് പരിവാര്‍ സംഘടനകളുടെ വികാരത്തിന് മുന്നില്‍ ദേശീയ നേതൃത്വം അവഗണിച്ചിരിക്കുകയാണ്.

ബി.ജെ.പി ക്ക് അഭിമാനകരമായ മുന്നേറ്റം വോട്ട് സമാഹരണത്തിന്റെ കാര്യത്തിലും സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിലും ഫലം വരുമ്പോള്‍ കാണണമെന്നതാണ് ഇടതിനെതിരായ ‘ഓപ്പറേഷന്’ അനുമതി നല്‍കുന്നതിന് ബദലായി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ബി.ജെ.പി ക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ യു.ഡി.എഫ് നിര്‍ത്തുകയാണെങ്കില്‍ കൂടുതല്‍ സഹകരണം തിരിച്ചുണ്ടാവാനും സാധ്യത ഏറെയാണ്.

കടുത്ത ബി.ജെ.പി വിരുദ്ധരായ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളും ബി.ജെ.പി യുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മിക്ക മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ നിലവിലെ ഭൂരിപക്ഷം ‘അട്ടിമറിക്കാന്‍ പറ്റുന്നതായതിനാല്‍’ രഹസ്യമായ ഒരു വോട്ട് മറിക്കല്‍ ഇത്തരം മണ്ഡലങ്ങളില്‍ നടന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി തന്നെ മാറും.

കേഡര്‍ സംഘടനാ സംവിധാനം ബി.ജെ.പി ക്കും ആര്‍.എസ്.എസ്‌നുമുള്ളതിനാല്‍ സംഘ് പരിവാര്‍ ചതിക്കുമെന്ന് തന്നെയുള്ള പ്രതീക്ഷയിലാണ് സി.പി.എമ്മും ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രൂപം നല്‍കിയിരിക്കുന്നത്.

കതിരൂര്‍ മനോജ് വധകേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതിയായിട്ടും ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടും ആക്രമിക്കപ്പെടുന്നതാണ് സംഘ് പരിവാര്‍ നേതൃത്വത്തിന്റെ പ്രകോപനത്തിന് പിന്നില്‍.

ഇടത് ഭരണം വന്നാല്‍ പകവീട്ടുമെന്ന് തന്നെയാണ് അവരുടെ ഭീതി. വിശ്വഹിന്ദു പരിക്ഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി തൊഗാഡിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതും യു.എ.പി.എ ചുമത്തപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാനാവശ്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതുമെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായതിനാല്‍ അവര്‍ക്ക് ഭരണ തുടര്‍ച്ചയുണ്ടായാലും കാര്യങ്ങള്‍ തങ്ങളുടെ വഴിക്ക് വരുമെന്ന കണക്ക് കൂട്ടലും സംഘ് പരിവാര്‍ നേതൃത്വത്തിനുണ്ട്.

മനോജ് വധക്കേസില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതും ആര്‍.എസ്.എസിന്റെ ആവശ്യം പരിഗണിച്ച് ആഭ്യന്തര മന്ത്രി ഇടപെട്ട് കേസന്വേഷണം സി.ബി.ഐ ക്ക് വിട്ടതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഈ നിഗമനം.

മൈക്രോ ഫിനാന്‍സിലും, ശാശ്വതീകാനന്ദയുടെ മരണത്തിലും ആരോപണ വിധേയരായ വെള്ളാപ്പള്ളിക്കും സംഘത്തിനുമെതിരെ വിജിലന്‍സ് – ക്രൈം ബ്രാഞ്ച് അന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസും ആഗ്രഹിക്കുന്നത് ഇടത് വിരുദ്ധരായ സര്‍ക്കാരിനെയാണ്.

അതേ സമയം മുന്‍പുണ്ടായ കോ- ലീ – ബി സഖ്യം വീണ്ടും പുതിയ രൂപത്തില്‍ രംഗപ്രവേശം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായ പ്രതിരോധത്തിനാണ് ഇടത് പക്ഷ ക്യാംപ് തയ്യാറെടുക്കുന്നത്.

Top