സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി; സുരേന്ദ്രനെതിരെ ഒരുകൂട്ടം നേതാക്കള്‍

തിരുവനന്തപുരം: കെ. സുരേന്ദ്രനെതിരെ ഒരുകൂട്ടം നേതാക്കള്‍ രംഗത്ത് വന്നതോടെ സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി. പ്രശ്‌നം വഷളായത് കാസര്‍കോട്, കണ്ണൂര്‍ ജില്ല പ്രസിഡന്റുമാരെയും മണ്ഡലം പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചതോടെ.സുരേന്ദ്രനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്നും ഭാരവാഹിയാകാനില്ലെന്നുമുള്ള ഒരുകൂട്ടം നേതാക്കളുടെ നിലപാടിനെത്തുടര്‍ന്നാണ് സംസ്ഥാന ബി.ജെ.പിയില്‍ പ്രതിസന്ധി കടുത്തത്.

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നിയോഗിച്ചത്. കഴിഞ്ഞദിവസം അദ്ദേഹം സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി ചുമതല ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നെടുത്ത തീരുമാനങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി.

സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹിത്വവും സമിതി അംഗത്വവും വേണ്ടെന്ന നിലപാടും ഒരുവിഭാഗം നേതാക്കള്‍ കൈക്കൊണ്ടത് ഇതെത്തുടര്‍ന്നാണ്. ഈ തര്‍ക്കങ്ങള്‍ കാരണം പുതിയ സംസ്ഥാന ഭാരവാഹികളെയും നിശ്ചയിക്കാനായിട്ടില്ല. നിലവിലെ ഭാരവാഹികളെ മാറ്റി പുതിയ ആളുകളെ ഭാരവാഹിയാക്കിയാല്‍ അത് വിഭാഗീയതക്കും പൊട്ടിത്തെറിക്കും കാരണമാകുമെന്നതിനാല്‍ കടുത്ത തീരുമാനമെടുക്കാന്‍ നേതൃത്വത്തിന് കഴിയുന്നുമില്ല.

സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കാനില്ലെന്നും നിലവിലെ ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭാസുരേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചതായാണ് വിവരം.

Top