കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 35-40 സീറ്റ്‌ മതി; കുതിരക്കച്ചവട നീക്കവുമായി ബിജെപി

കോഴിക്കോട്: എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ അണിയറ നീക്കങ്ങളുമായി ബിജെപി. കേരളത്തില്‍ ബി.ജെ.പിക്ക് ഗവണ്‍മെന്റുണ്ടാക്കാന്‍ 35-40 സീറ്റുകള്‍ മതിയെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. ബാക്കി എംഎല്‍എമാര്‍ക്കായി ഇവിടെ സി.പി.എമ്മും കോണ്‍ഗ്രസുമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. അതേസമയം, പ്രസ്താവന വിശദീകരിക്കാന്‍ സുരേന്ദ്രന്‍ തയാറായില്ല.

ചില സീറ്റുകള്‍ പ്രത്യേക വിഭാഗക്കാര്‍ക്കു മാത്രമായി റിസര്‍വു ചെയ്തു വച്ചിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ‘ചില മണ്ഡലങ്ങളില്‍ മുപ്പതും നാല്‍പ്പതും വര്‍ഷമായി മറ്റാര്‍ക്കും പ്രവേശനമില്ല. യു.ഡി.എഫ് പറയുന്നത് ഞങ്ങള്‍ അത് മുസ്ലിംലീഗിന് കൊടുത്തിരിക്കുകയാണ് എന്നാണ്. എല്‍.ഡി.എഫോ? കുന്നമംഗലത്ത് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയാരാണ്? കോഴിക്കോട് സൗത്തില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയാരാണ്? കൊടുവള്ളിയില്‍ ആരാണ്? എത്ര കാലമായി ഒരേ സമുദായത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്നു? ചില മണ്ഡലങ്ങളില്‍ ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് കയറാനേ പറ്റില്ലെന്ന സ്ഥിതിയാണ്. ഇതാണോ മതേതരത്വം? അത്തരം മണ്ഡലങ്ങളില്‍ ഞങ്ങള്‍ വ്യാപകമായ പ്രചാരണം നടത്തും’ സുരേന്ദ്രന്‍ വ്യക്തമാക്കി.

സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയത് കേരളത്തിലെ രാഷ്ട്രീയ ശക്തികളല്ല, മതഭീകരവാദികളുടെ സമരമാണ്. സി.എ.എ കലാപകാരികള്‍ ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് എന്ന് പിണറായി പറഞ്ഞിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചത്? ശബരിമല നാമജപ യാത്രയും സി.എ.എ വിരുദ്ധസമരവും തുലനം ചെയ്യുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

എല്ലായിടത്തും വര്‍ഗീയതയും ന്യൂനപക്ഷ പ്രീണനവുമാണ് എന്നും സാമൂഹിക നീതി നടപ്പായില്ല എന്നും സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പും ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയുമാണ്. ബേപ്പൂര്‍, കുന്ദമംഗലം, കോഴിക്കോട് സൗത്ത് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് ഇരുമുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ ഇല്ലാതായി. കെ. മുരളീധരന്‍ മത്സരിച്ച കൊടുവള്ളിയിലും ഇപ്പോള്‍ ഇതാണ് സ്ഥിതി.

മലബാര്‍ സംസ്ഥാനം എന്ന പോപുലര്‍ ഫ്രണ്ടിന്റെ ആവശ്യമാണ് ഇപ്പോള്‍ മുസ്ലിംലീഗ് ഉന്നയിക്കുന്നത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത മണ്ഡല പുനര്‍നിര്‍ണയത്തില്‍ സീറ്റുകള്‍ കുറയും. മലബാറില്‍ സീറ്റ് കൂടുകയും ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Top