വിഘടനവാദികളുമായി കൈകോര്‍ത്തവര്‍; ബിജെപിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ

shivsena statement

മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാമെന്ന വാഗ്ദാനം പാലിക്കാത്തതാണ് ബിജെപിയുമായി ബന്ധം പിരിയാന്‍ കാരണമെന്ന് വീണ്ടും ആരോപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് രൂപീകരിച്ച ത്രികക്ഷി സഖ്യത്തില്‍ യാതൊരു സദാചാര വിരുദ്ധതയും ഇല്ലെന്നും ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദ്ധവ് വ്യക്തമാക്കി.

ചന്ദ്രനും, നക്ഷത്രങ്ങളുമല്ല, പിതാവിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് ബിജെപിയോട് ആവശ്യപ്പെട്ടതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ അധികാര അച്ചുതണ്ട് മാറ്റിയതിന് ഉത്തരവാദി ബിജെപിയാണെന്നും താക്കറെ വ്യക്തമാക്കി. വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട ബിജെപി തങ്ങള്‍ക്ക് വഴിതെറ്റിയെന്ന് ആരോപിക്കേണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനം അവര്‍ പാലിച്ചില്ല. തെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചത്. ബിജെപി സഖ്യ ആവശ്യവുമായി സമീപിച്ചപ്പോള്‍ അത് സ്വീകരിച്ചു. നരേന്ദ്ര ഭായിക്കും, അമിത് ഭായിക്കും ഒപ്പം തെരഞ്ഞെടുപ്പ് പത്രിക നല്‍കാനും പോയി. ഇതെല്ലാം ഹിന്ദുത്വത്തിന് വേണ്ടിയായിരുന്നു. പകരം ചോദിച്ചത് ചന്ദ്രനും, നക്ഷത്രങ്ങളുമല്ല. പിതാവിന് നല്‍കിയ വാഗ്ദാനമാണ് ശിവസൈനികന്‍ മുഖ്യമന്ത്രിയാകുമെന്നത്, അതിനായി കൂടുതല്‍ ദൂരം പോകാന്‍ തീരുമാനിച്ചു. ഇവര്‍ വാഗ്ദാനം പാലിച്ചെങ്കില്‍ മറ്റാരെങ്കിലും മുഖ്യമന്ത്രി ആകുമായിരുന്നു’, ഉദ്ധവ് പറഞ്ഞു.

ജമ്മു കശ്മീരില്‍ 2014ല്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായി സഖ്യം രൂപീകരിച്ച ബിജെപിയെ കണക്കിന് വിമര്‍ശിക്കാനും ഉദ്ധവ് മറന്നില്ല. ‘വിഘടനവാദികള്‍ക്കൊപ്പം അവര്‍ കൈകോര്‍ത്തു, ഭീകരര്‍ക്കൊപ്പം ചര്‍ച്ച നടത്തിയ ശേഷമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്’, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top