രാമക്ഷേത്രം: ബിഹാറില്‍ ജെഡിയു-ബിജെപി പ്രവര്‍ത്തകര്‍ പൊതുവേദിയില്‍ ഏറ്റമുട്ടി

ഹാജിപുര്‍: രാമക്ഷേത്രത്തെ ചൊല്ലി ബിഹാറില്‍ സംഘര്‍ഷം. ബിഹാറില്‍ എന്‍ഡിഎ സഖ്യ കക്ഷികളായ ബിജെപിയുടേയും ജെഡിയുവിന്റേയും പ്രാദേശിക നേതാക്കള്‍ തമ്മില്‍ പൊതുവേദിയില്‍ ഏറ്റമുട്ടി.

രാമക്ഷേത്രം പ്രചാരണായുധമല്ലെന്ന് ജെഡിയു നേതാക്കളും ആണെന്ന് ബിജെപി നേതാക്കളും യോഗത്തില്‍ പറഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്കെത്തിയത്. രാം വിലാസ് പാസ്വാന്റെ ഇളയ സഹോദരനും ലോക്ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായ പശുപതി കുമാര്‍ പരസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ലോക്ജനശക്തി പാര്‍ട്ടിയും ബിജെപിജെഡിയു സഖ്യത്തിന്റെ ഭാഗമാണ്.

യോഗത്തിനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ടേബിളുകള്‍ മറിച്ചിടുകയും കസേരകള്‍ എടുത്തെറിയുകയും ചെയ്‌തെന്ന് ജെഡിയു നേതാവ് സഞ്ജയ് വര്‍മ പറഞ്ഞു. പ്രവര്‍ത്തകര്‍തമ്മിലുള്ള സംഘര്‍ഷംസ്ഥാനാര്‍ഥിയായ പശുപതി കുമാര്‍ ഇടപെട്ട് ഒഴിവാക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ ആകെയുള്ള 40 സീറ്റുകളില്‍ ജെഡിയുവും ബിജെപിയും 17 വീതം സീറ്റുകളിലും ലോക് ജനശക്തി പാര്‍ട്ടി ആറ് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, 35 എ, പൗരത്വഭേദഗതി ബില്ല്, തുടങ്ങി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങളിലും ജെഡിയുവിന് യോജിപ്പില്ല.

Top