ന്യൂഡല്‍ഹി : ബി.ജെ.പി ഐ.ടി സെല്ലിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. ബിജെപി ഐടിസെല്‍ ഡോട്ട് ഓര്‍ഗ് എന്ന പേരിലുള്ള വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഇതോടെ വെബ്സൈറ്റ് താത്കാലികമായി പിന്‍വലിച്ചു.
സ്വകാര്യത മൗലികാവകാശമാണ്, ഞങ്ങള്‍ക്ക് സ്വകാര്യത വേണം, നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക, ഇനി ഒരു തെരഞ്ഞെടുപ്പും ബിജെപി ജയിക്കില്ല, ബിജെപിയുടെ പക്കലുള്ള കള്ളപ്പണത്തിന്റെ മുഴുവന്‍ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, തെരഞ്ഞെടുപ്പ് കാലത്ത് തെളിവുകള്‍ പുറത്തുവിടും, ഇനി ജനങ്ങളെ നിയന്ത്രിക്കാന്‍ ബിജെപിക്കു കഴിയില്ല, എല്ലാ തെളിവുകളുമായി ഞങ്ങള്‍ കോടതിയിലെത്തുന്ന സമയത്തിനായി കാത്തിരിക്കൂ എന്നിങ്ങനെ അര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഹാക്കര്‍മാര്‍ വെബ്സൈറ്റില്‍ കുറിച്ചു.
സ്വകാര്യതയില്‍ കടന്നുകയറുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ഹാക്കിങ്. രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവ്. ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, നാര്‍കോട്ടിക് സെല്‍ തുടങ്ങിയ 10 ഏജന്‍സികള്‍ക്കാണ് അനുമതി.
ഐ.ബി, സി.ബി.ഐ, എന്‍.ഐ.എ, കാബിനറ്റ് സെക്രടേറിയറ്റ്, ഡയറക്ടറേട് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്(ജമ്മു കാശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്), നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേട്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്, ഡയറക്ടറേട് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഡല്‍ഹി കമ്മീഷണര്‍ എന്നീ അന്വഷണ ഏജന്‍സികള്‍ക്കാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ ഏത് കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനോ പിടിച്ചെടുക്കാനോ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദമുണ്ടാകും.