അതിജീവനത്തിന് വേണ്ടി പോരാടിയവർ ഇപ്പോൾ അതിർത്തി വിട്ട് പോകുമ്പോൾ . .

രാജ്യത്ത് സുപ്രീംകോടതിക്കും മുകളിലാണോ കാവി രാഷ്ട്രീയത്തിന്റെ ‘പവര്‍’ എന്ന കാര്യമാണിപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നത്.

രാമജന്മഭൂമി വിഷയത്തിലെ കോടതി വിധി പോലും സ്വന്തം അക്കൗണ്ടിലാണ് ബി.ജെ.പിയിപ്പോള്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.

‘ആറുമാസം’ പോലും പഴക്കമില്ലാത്ത സര്‍ക്കാര്‍ ….. ഇതിനകം 4 സിക്‌സറുകള്‍ … മുത്തലാഖ് നിര്‍ത്തലാക്കല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ശ്രീരാമജന്മഭൂമി വിധി, ഇപ്പോള്‍ ഈ പൗരത്വ ഭേദഗതി ബില്‍ 2019 … നല്ല മുന്നേറ്റം- നരേന്ദ്രമോദിക്കും, അമിത്ഷാക്കും അഭിവാദ്യം അര്‍പ്പിച്ച് ബി.എല്‍ സന്തോഷിട്ട ട്വീറ്റിലെ വാചകങ്ങളാണിത്. പരിവാര്‍ അജണ്ട ഒരോന്നായി നടപ്പാക്കുകയാണെന്ന് അവകാശപ്പെടുന്നതുകൂടിയാണ് ഈ വിവാദമായ ട്വീറ്റ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണിത്.

അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിച്ച് ഒരു പ്രതിഷേധത്തിനും മുസ്ലീം സമുദായം ഇതുവരെ തയ്യാറായിട്ടില്ല. അഭിനന്ദനീയമായ കാര്യമാണത്. എന്നാല്‍ പൗരത്വ ബില്‍ പ്രശ്‌നത്തില്‍ സ്ഥിതി വ്യത്യസ്തമാണ്.

പ്രതിഷേധാഗ്‌നിയില്‍ ഉരുകുകയാണ് രാജ്യം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി സ്‌ഫോടനാത്മകമാണ്. അസമില്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും അടക്കം ഈ ചൂട് ശരിക്കും അനുഭവിച്ച് കഴിഞ്ഞു.20 ലക്ഷം പേരാണ് പൗരത്വ പ്രശ്‌നത്തില്‍ അസമില്‍ നിന്നു മാത്രം പുറത്ത് പോകേണ്ടി വരിക. കേരളത്തില്‍ പോലും ഉണ്ട് ഇങ്ങനെ പുറത്ത് പോകേണ്ട ചില കുടുംബങ്ങള്‍.

പൗരത്വ ബില്‍ ലോക്സഭ പാസാക്കിയതോടെ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത് വയനാട്ടിലെ റോഹിന്‍ഗ്യന്‍ കുടുംബങ്ങളാണ്. നാല് വര്‍ഷമായി വയനാട്ടില്‍ കഴിയുന്ന രണ്ട് കുടുംബങ്ങളാണ് പലായന ഭീതി നേരിടുന്നത്. ഇന്ത്യയില്‍നിന്നും പോകേണ്ടിവന്നാല്‍ മരണമല്ലാതെ മറ്റുവഴിയില്ലെന്നാണ് ഇവര്‍ വിലപിക്കുന്നത്.

മ്യാന്‍മറില്‍നിന്നും 2013ല്‍ ഇന്ത്യയിലെത്തിയ അമാനുള്ളയുടെയും മുഹമ്മദ് ഇല്യാസിന്റെയും കുടുംബങ്ങളാണ് ഇവിടെ പകച്ചുനില്‍ക്കുന്നത്. അറുപത്തിമൂന്നുകാരനായ അമീനുള്ള ഭാര്യയും അഞ്ച് മക്കളോടുമൊപ്പമാണ് വയനാട്ടില്‍ കഴിയുന്നത്. ഇരുപത്തിയാറുകാരനായ ഇല്യാസിനൊപ്പം ഭാര്യ ഗുല്‍ബഹാറും ഒന്നരവയസ്സുകാരി മകള്‍ ഫാത്തിമയും സഹോദരന്‍ മുഹമ്മദ് സുബൈറുമുണ്ട് . ഭാര്യ പൂര്‍ണ ഗര്‍ഭിണിയുമാണ്. കല്‍പ്പറ്റ മുട്ടിലില്‍ വാടക ക്വാര്‍ട്ടേഴ്സുകളിലാണ് ഇവരെല്ലാം നിലവില്‍ കഴിയുന്നത്.

യുഎന്‍ അഭയാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടവരും യുഎന്‍ തിരിച്ചറിയല്‍ രേഖ ഉള്ളവരുമായതിനാലാണ് അഭയം നല്‍കിയതെന്നാണ് ജില്ലാ പൊലീസ് അധികൃതരും വ്യക്തമാക്കിയിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിയിലൂടെ അതിര്‍ത്തി രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ഇനി ലഭിക്കുകയില്ല. ഇതാണ് ഇവരെ പരിഭ്രാന്തരാക്കിയിരിക്കുന്നത്.

കൂലിപ്പണിയെടുത്താണ് ഇല്യാസ് കുടുംബം പുലര്‍ത്തുന്നത്. അമീനുള്ളയും ഭാര്യ ഫുല്‍സാനയുമാകട്ടെ രോഗബാധിതരുമാണ്. ജോലിയെടുക്കാന്‍ പോലും ഇരുവര്‍ക്കും കഴിയുകയില്ല. മറ്റുള്ളവരുടെ സഹായത്താലാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് തന്നെ. ഇവരുടെ മൂന്നുമക്കളും അനാഥാലയത്തിലാണ്. 2 പെണ്‍മക്കളാണ് ഒപ്പമുള്ളത്.

2012ല്‍ മ്യാന്‍മറില്‍നിന്നും പുറപ്പെട്ട ഇവര്‍ ആദ്യം ഡല്‍ഹിയിലാണെത്തിയത്. ഇവിടെനിന്നും തമിഴ്നാട്ടിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാമ്പിലെത്തിപ്പെടുകയായിരുന്നു. തമിഴ്നാട്ടില്‍നിന്നും വയനാട് മുസ്ലിം അനാഥാലയം അധികൃതരാണ് അഭയമൊരുക്കി ജില്ലയിലെത്തിച്ചത്.

2015 ഒക്ടോബറിലാണ് വയനാട്ടില്‍ എത്തിയത്. അഞ്ച് കുടുംബങ്ങളാണ് വന്നതെങ്കിലും മൂന്ന് കുടുംബങ്ങള്‍ പിന്നീട് തിരികെ തമിഴ്നാട്ടിലേക്ക് തന്നെ പോകുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ അനാഥാലയം അധികൃതരും കൈയൊഴിഞ്ഞ അവസ്ഥയാണുള്ളത്. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പിലുള്ള ഉപ്പയേയും ഉമ്മയേയും സഹോദരങ്ങളെയും ഇല്യാസ് കണ്ടിട്ടുതന്നെ് ഒമ്പതുവര്‍ഷമായി. ‘ഇനി ഇവരെ കാണാനാവുമോയെന്നുപോലും ഇയാള്‍ക്ക് അറിയില്ല. ഭാര്യയും മക്കളുമായി എവിടേക്ക് പോകണമെന്നറിയാതെ അന്തം വിട്ടിരിക്കുകയാണിപ്പോള്‍ ഇല്യാസ്.

വിവാദ പൗരത്വ ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് പാര്‍ലമെന്റിലെ ഇരു സഭകളും പാസാക്കിയിരിക്കുന്നത്. 105ന് എതിരെ 125 വോട്ടുകള്‍ക്കാണ് രാജ്യസഭ ബില്‍ പാസാക്കിയത്. 80നെതിരെ 311വോട്ടുകള്‍ക്കാണ് ലോക്‌സഭയില്‍ ബില്‍ പാസായത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഈ ബില്‍ നിയമമാകും. മുസ്ലീം കുടിയേറ്റക്കാര്‍ പുറത്താകുമെങ്കിലും പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും മതപീഡനത്തെ തുടര്‍ന്ന് കുടിയേറിയ കുടിയേറ്റക്കാര്‍ക്ക് ഈ ബില്‍ തുണയാകും. 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വര്‍ഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്‌സി വിഭാഗക്കാര്‍ക്കാണ് ഇന്ത്യന്‍ പൗരത്വത്തിന് വഴിയൊരുങ്ങുക. അതേസമയം മുസ്ലീം കുടിയേറ്റക്കാരെ പൗരത്വം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

PINARAYI VIJAYAN

PINARAYI VIJAYAN

ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാര്‍ലമെന്റില്‍ മുഷ്‌ക് പ്രയോഗിച്ച് സംഘപരിവാര്‍ പാസാക്കി എടുത്ത പൗരത്വ ഭേദഗതി ബില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് പിണറായി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. മതനിരപേക്ഷത എന്ന സങ്കല്‍പ്പത്തെ തന്നെ നിഷേധിക്കുന്നതാണ് പൗരത്വഭേതഗതി ബില്‍. ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഉല്‍പന്നമാണ് ഈ കരിനിയമ നിര്‍മ്മാണമെന്നും പിണറായി ആരോപിച്ചിരുന്നു. വര്‍ഗീയതയും ജനങ്ങള്‍ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധം എന്ന് ബിജെപി ഒരിക്കല്‍ കൂടി തെളിയിച്ചു കഴിഞ്ഞതായാണ് സിപിഎമ്മും തുറന്നടിച്ചിരിക്കുന്നത്.

ഇതിനിടെ പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണ് രാജ്യമെങ്ങും കാണുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.ഇതില്‍ സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളും വരെ ഉള്‍പ്പെടും. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഒരു ജനത ഇപ്പോള്‍ നടത്തി വരുന്നത്.

പട്ടാളത്തെ ഇറക്കി വെടിവെച്ചത് കൊണ്ടോ, ഇന്റര്‍നെറ്റ് കട്ട് ചെയ്തതു കൊണ്ടോ മാത്രം ഈ പ്രതിഷേധ തീ കെടുത്താന്‍ കഴിയുകയില്ല. കാരണം ഒരു വിഭാഗം ജനതയുടെ മനസ്സില്‍ അത്രമാത്രം പ്രഹരമാണ് ഈ തീരുമാനം ഏല്‍പ്പിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരുടെ എല്ലാ പ്രതീക്ഷയും ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. ബില്‍ രാഷ്ട്രപതി ഒപ്പിട്ട് നോട്ടിഫൈ ചെയ്ത് കഴിഞ്ഞാല്‍ സുപ്രീം കോടതി ഉടന്‍ ഈ വിഷയം പരിഗണിക്കും.

Express View

Top