സംസ്ഥാന സർക്കാരു‍കളുടെ സീരിയൽ കില്ലറാണ് ബിജെപി; അരവിന്ദ് കെജ്‌രിവാള്‍

സംസ്ഥാന സർക്കാരുടെ സീരിയൽ കില്ലറാണ് ബിജെപിയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ബി.ജെ.പി പല സർക്കാരുകളേയും തകർത്തു. ഇപ്പോൾ അവർ ഡൽഹിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എല്ലായിടത്തും പയറ്റിയ അതേ രീതിയാണ് ഇവിടെയും അവലംബിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡൽഹി നിയമസഭയുടെ പ്രത്യേക സെഷനെ അഭിംസംബോധന ചെയ്യവെയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

കഴിഞ്ഞവർഷങ്ങളിൽ ബിജെപി 277 എംഎൽഎമാരെ വിലയ്ക്കുവാങ്ങിയതായും ഡൽഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ ബിജെപിയുടെ ഓപറേഷൻ താമരയ്ക്കുള്ള ശ്രമത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തത്.

അരവിന്ദ് കെജ്‌രിവാള്‍ സർക്കാരിനെ അട്ടിമറിക്കാനായി തങ്ങളുടെ 40 എംഎഎൽ‍എമാരെ ബിജെപി കൈക്കൂലി നൽകി ചാക്കിലാക്കാൻ നോക്കുകയാണെന്ന് എഎപി ആരോപിക്കുന്നു. കളംമാറാൻ എംഎൽഎമാർക്ക് ബിജെപി 20 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും കെജ്‌രിവാൾ ആരോപിച്ചു.

എവിടെ നിന്നാണ് ബിജെപിക്ക് ഇത്രയും പണമെന്നും കെജ്‌രിവാള്‍ ചോദിച്ചു. ‍ജിഎസ്ടി (ചരക്ക് സേവന നികുതി), വിലക്കയറ്റം എന്നിവയിൽ നിന്നുള്ള പണമെല്ലാം രണ്ട് കാര്യങ്ങൾക്കായാണ് ബിജെപി ചെലവഴിക്കുന്നത്‌. എംഎൽ‌എമാരെ വാങ്ങാനും സർക്കാരിന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കളുടെ വായ്പ എഴുതിത്തള്ളാനും”- കെജ്രിവാൾ കൂട്ടിച്ചേർത്തു. എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്ത് ഓപ്പറേഷൻ താമര നടപ്പാക്കാൻ ഉള്ള ബിജെപി നീക്കം ഇന്നലെ പരാജയപ്പെടുത്തിയതായി ആംആദ്മി പാർട്ടി അവകാശപ്പെട്ടിരുന്നു.

Top