കേരളത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിഴൽമന്ത്രിസഭ രൂപീകരിക്കാനൊരുങ്ങി ബിജെപി

പാലക്കാട്: കേരളത്തിൽ ‘നിഴൽമന്ത്രിസഭ’ സംവിധാനമെ‍ാരുക്കാൻ ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഈ ആശയം അവതരിപ്പിച്ചത്. വികസന, ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട് ജനത്തിനെ‍ാപ്പം നിൽക്കുക എന്നതാണ് ലക്‌ഷ്യം. കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ നടത്തിപ്പു വിലയിരുത്താനും പരാതികളിലും ക്രമക്കേടുകളിലും ഇടപെട്ട് സർക്കാരിന്റെ നടപടി ഉറപ്പാക്കുക എന്നത് കൂടി ഈ ആശയം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

ഓരേ‍ാ വകുപ്പിന്റെയും ചുമതല ലേ‍ാക്സഭ, നിയമസഭാ മണ്ഡലം തലത്തിൽ നേതാക്കൾക്കു നൽകും. ബിജെപിക്കു നിയമസഭയിൽ പ്രതിനിധികളില്ലാത്തതിനാൽ പ്രശ്നങ്ങളിൽ പുറത്തുനിന്ന് ഇടപെടാനും പരിഹരിക്കുന്നതിനും ജനങ്ങൾക്കെ‍ാപ്പം നിൽക്കാനുമുള്ള സംവിധാനമാണു നിഴൽമന്ത്രിസഭ. ഓരേ‍ാ വിഷയത്തിനും കൃത്യമായ നയമുണ്ടാക്കാൻ പാലക്കാട്ട് നടന്ന ബിജെപി സംസ്ഥാന നേതൃശിബിരത്തിൽ ധാരണയായിരുന്നു.

പുതിയ കേരളത്തെക്കുറിച്ച് അക്കാദമിക, രാഷ്ട്രീയതല കാഴ്ചപ്പാടുകൾക്കു രൂപം നൽകും. വിരമിച്ച സിവിൽ സർവീസ് ഉദ്യേ‍ാഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തി കേന്ദ്രസഹായത്തേ‍ാടെ പുതിയ കേരളത്തിനുള്ള സമഗ്രരൂപരേഖയുണ്ടാക്കും.

Top