ലേഡി സൂപ്പര്‍സ്റ്റാറുകളെ നോട്ടമിട്ട് ബി.ജെ.പി, ലോക് സഭ തെരെഞ്ഞെടുപ്പ് തന്നെ ലക്ഷ്യം !

BJP , lady superstars

ചെന്നൈ: ലോക് സഭ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. പ്രമുഖ ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുമായും കൂടി കാഴ്ച്ച നടത്താനാണ് നീക്കം.

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണ്ണാടക ഒഴികെ ബി.ജെ.പിയെ സംബന്ധിച്ച് വലിയ പ്രതീക്ഷ ഇല്ലാത്ത സംസ്ഥാനങ്ങളാണ്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സും ജെ.ഡി.എസും സഖ്യമായി മത്സരിച്ചാല്‍ വലിയ വെല്ലുവിളിയാകുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു.

ഈ സാഹചര്യത്തില്‍ ജനപ്രിയരായ യുവ താരങ്ങളെ അനുകൂലമാക്കി നേട്ടം കൊയ്യുകയാണ് തന്ത്രം.

തെലുങ്ക് യുവ സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബു, ബാഹുബലി നായകന്‍ പ്രഭാസ്, തമിഴില്‍ നിന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, മലയാളത്തില്‍ നിന്നും നടി മഞ്ജുവാര്യര്‍ തുടങ്ങിയവരുമായാണ് മോദി കൂടിക്കാഴ്ച നടത്തുക. കന്നട യുവ താരങ്ങളും പരിഗണനയിലുണ്ട്.

ആര്‍.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചക്കും സാധ്യതയുണ്ടെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ലോക് സഭ തെരെഞ്ഞെടുപ്പിന് മുന്‍പ് നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ തമിഴ് സൂപ്പര്‍ താരം ദളപതി വിജയ് ഇപ്പോള്‍ ബി.ജെ.പിയുമായി നല്ല ബന്ധത്തിലല്ലാത്ത സാഹചര്യത്തില്‍ ഈ ‘ ഉടക്ക് ‘മാറ്റാന്‍ മോദി തന്നെ രംഗത്തിറങ്ങുമെന്നാണ് തമിഴ് മാധ്യമങ്ങളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയുടെ പ്രേരണയില്‍ രാഷ്ട്രീയത്തിലിറങ്ങുന്ന രജനീകാന്തിന് തൂത്തുക്കുടി വെടിവയ്പ് പ്രതികരണം തിരിച്ചടിയാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഈ മുന്‍കരുതലത്രെ.

BJP , lady superstars

വിജയ് ബി.ജെ.പിയെ പിന്തുണച്ചില്ലങ്കിലും പരസ്പരം വിദ്വേഷമില്ലന്ന സന്ദേശം താഴെ തട്ടില്‍ നല്‍കുന്നതിനു ഇത്തരമൊരു കൂടിക്കാഴ്ച നല്ലതാണെന്ന അഭിപ്രായം രജനി തന്നെ ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്.

‘മെര്‍സല്‍’ സിനിമയില്‍ ജി.എസ്.ടിക്കെതിരായ വിമര്‍ശനത്തില്‍ പ്രകോപിതരായ തമിഴകത്തെ ബി.ജെ.പി നേതാക്കള്‍ ദളപതിയെ ജോസഫ് വിജയ് എന്ന് വിളിച്ച് ആക്ഷേപിച്ചതാണ് വിവാദമായിരുന്നത്.

ബി.ജെ.പി നടപടിക്കെതിരെ കോണ്‍ഗ്രസ്സും സി.പി.എമ്മും ഡി.എം.കെ ഉള്‍പ്പെടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത് പ്രതികരിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയാണ് പ്രതിഷേധ ചങ്ങല തീര്‍ത്തത്.

ദേശീയ മാധ്യമങ്ങളിലും സംഭവം വിവാദമായി കത്തി പടര്‍ന്നു. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയെ വിളിച്ച് വിവാദത്തില്‍ തനിക്കുള്ള ശക്തമായ എതിര്‍പ്പ് മോദി വ്യക്തമാക്കുകയുണ്ടായി. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് ദളപതിയുടെ പിതാവ് എസ്.എ ചന്ദ്രശേഖരന്‍ വഴി കൂടിക്കാഴ്ചക്ക് തിരക്കിട്ട നീക്കം നടക്കുന്നത്.

ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലന്ന് വ്യക്തമാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരെഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ആര്‍.എസ്.എസ് നേതൃത്വം രജനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദ്രാവിഡ മണ്ണിലെ എല്ലാ വിഭാഗം ജനതയുടെയും വോട്ട് കിട്ടാന്‍ ഇത് അനിവാര്യമാണെന്ന് സംഘം കരുതുന്നു.

‘ആത്മീയ രാഷ്ട്രീയം’ എന്ന് രജനി പ്രഖ്യാപിച്ചത് എടുത്ത് ചാട്ടമായി പോയി എന്ന അഭിപ്രായവും ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്.

തമിഴകത്തെ പോലെ തന്നെ താരങ്ങള്‍ ജനവിധിയെ സ്വാധീനിക്കുന്ന തെലുങ്ക് മണ്ണിലും കര്‍ണ്ണാടകയിലും യുവ സൂപ്പര്‍ താരങ്ങളെ വരുതിയിലാക്കിയാല്‍ നേട്ടമുണ്ടാക്കുമെന്നതാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍.

BJP , lady superstars

ബാഹുബലിയിലൂടെ പ്രശസ്തനായ പ്രഭാസും, അടുത്തയിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമ ‘ഭരത് ആനെ നേനു’ നായകന്‍ മഹേഷ് ബാബുവുമാണ് ആന്ധ്രയിലെ ടാര്‍ഗറ്റ്.

ഭരത് ആനെ നേനുവില്‍ മുഖ്യമന്ത്രിയായി തകര്‍ത്തഭിനയിച്ച മഹേഷ് ബാബുവിന്റെ ജനപ്രീതി കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്.

തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ ലേഡി സൂപ്പര്‍ സ്റ്റാറായി അറിയപ്പെടുന്ന നയന്‍താര ഇപ്പാള്‍ ഗ്ലാമര്‍ വേഷം വിട്ട് ഗൗരവമായ കഥാപാത്രങ്ങളിലൂടെ ജനസ്വകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നയന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘അറം’ വന്‍ വിജയമാണ് കൊയ്തത്. ഈ സിനിമയില്‍ കലക്ടറായി എത്തി ജനങ്ങള്‍ക്ക് വേണ്ടി പടപൊരുതുന്ന ധീര വനിതയെ ഗംഭീരമായാണ് അവര്‍ അവതരിപ്പിച്ചത്.

നയന്‍താര അഭിനയത്തോട് വിടപറഞ്ഞ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് ശക്തമായ അഭ്യൂഹവും തമിഴകത്തുണ്ട്. നയന്‍സിന്റെ പ്രതിശ്രുത വരന്‍ വിഗ്നേഷ് ശിവന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

മലയാളത്തിലെ സൂപ്പര്‍ താരമായ മഞ്ജു വാര്യര്‍ നേരത്തെ കോഴിക്കോട് വെച്ച് ചേര്‍ന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ച് നടത്തിയ കലാവിരുന്നില്‍ നൃത്തം ചെയ്തിട്ടുണ്ട്.

കേരളത്തിലെ ജനങ്ങള്‍ക്കിടയിലെ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയിലെ സ്വീകാര്യത മുന്‍ നിര്‍ത്തിയാണ് ബി.ജെ.പി യോട് അടുപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍. ഇവരടക്കം പ്രധാന താരങ്ങളുടെ പട്ടിക തന്നെ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്കായി അണിയറയില്‍ തയ്യാറാക്കിയിട്ടുണ്ട്.

ബി.ജെ.പി യോട് സഹകരിക്കുന്നവര്‍ക്ക് വീണ്ടും കേന്ദ്രത്തില്‍ അധികാര തുടര്‍ച്ചയുണ്ടായാല്‍ ‘ഉചിതമായ’ പരിഗണനയും നല്‍കും.

റിപ്പോര്‍ട്ട്: ടി.അരുണ്‍ കുമാര്‍Related posts

Back to top