ഡല്‍ഹി: ‘നികുതി ഭീകരാക്രമണ’മാണ് ബി.ജെ.പി കോണ്‍ഗ്രസിനെതിരെ നടത്തുന്നത് എന്ന ആരോപണവുമായി മുതിര്‍ന്ന നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സാമ്പത്തികമായി ഞെരുക്കാനാണ് അതുവഴി ബി.ജെ.പി. ശ്രമിക്കുന്നതെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളില്‍ നിന്ന് 65 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണിത്.
‘നികുതി ഭീകരാക്രമണം നടത്തിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് ബി.ജെ.പി. കരുതുന്നത്. 2016-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പാക്കിയപ്പോഴും അവര്‍ക്ക് സമാനമായ ഉദ്ദേശമായിരുന്നു. അന്ന് എസ്.പി., ബി.എസ്.പി., കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ 2017-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു അവരുടെ ലക്ഷ്യം.’ -ജയറാം രമേശ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ബി.ജെ.പിക്കെതിരെ രംഗത്തെത്തി. കോണ്‍ഗ്രസും രാജ്യം ഭരിച്ചിട്ടുണ്ടെന്നും ഇത്തരം കോണ്‍ഗ്രസ് സര്‍ക്കാരിന്റെയോ യു.പി.എ. സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നുണ്ടായ ഇത്തരം ഒരനുഭവമെങ്കിലും ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
‘നിങ്ങള്‍ക്ക് ഇത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടിലെ ബി.ജെ.പി. സര്‍ക്കാര്‍ ഒരര്‍ത്ഥത്തില്‍ മോഷ്ടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പോരാടാനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തുല്യമായ അവസരം നിഷേധിക്കുന്നതാണ് ഇതെന്ന് വ്യക്തമാണ്. കോണ്‍ഗ്രസും രാജ്യം ഭരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെയോ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ. സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നുണ്ടായ ഇത്തരം ഒരനുഭവമെങ്കിലും ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയുമോ പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പി. ആദായനികുതി അടച്ചിട്ടുണ്ടോ ഇത് ജനാധിപത്യമൂല്യങ്ങള്‍ക്കുനേരെയുള്ള ആക്രമണമാണ്. എല്ലാ പ്രതിപക്ഷശബ്ദങ്ങളേയും നിശബ്ദമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.’ -കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി ആദായനികുതി വകുപ്പ് 65 കോടി രൂപ പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് 60.25 കോടി രൂപയും യൂത്ത് കോണ്‍ഗ്രസിന്റേയും ഐ.എന്‍.ടി.യു.സിയുടേയും അക്കൗണ്ടുകളില്‍ നിന്ന് അഞ്ചുകോടിയുമാണ് പിടിച്ചെടുത്തത്. 2018-19 കാലത്തെ കണക്കുകളുമായി ബന്ധപ്പെട്ട് അടയ്ക്കാനുള്ള 115 കോടി നികുതിക്കുടിശ്ശികയുടെ ഭാഗമായാണ് തുക പിടിച്ചെടുത്തത്. ഇതിനെതിരേ ഐ.ടി. അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചതായി പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറ് ദിവസം മുമ്പ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ട്രിബ്യൂണലില്‍ കോണ്‍ഗ്രസ് അപ്പോള്‍ത്തന്നെ പരാതി നല്‍കിയെങ്കിലും വാദം കേള്‍ക്കും മുമ്പാണ് തുക പിടിച്ചെടുത്തത്.