ബിജെപി എന്നാല്‍ ബീഫ് ജോയ് പാര്‍ട്ടി, മനോഹര്‍ പരീക്കര്‍ രാജിവെക്കണം ; വിഎച്ച്പി

ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്.

ഗോവയില്‍ ബീഫ് ക്ഷാമം ഉണ്ടാവില്ലെന്നും തികഞ്ഞില്ലെങ്കില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നുമുള്ള പരീക്കറുടെ പ്രസ്താവനയ്‌ക്കെതിരെയാണ് വിഎച്ച്പി രംഗത്തെത്തിയിരിക്കുന്നത്.

പരീക്കറിന്റെ പ്രസ്താവനയോടെ ബിജെപി എന്നത് ബീഫ് ജോയ് പാര്‍ട്ടി എന്നായി മാറിയിരിക്കുകയാണെന്നും വിഎച്ച്പി കുറ്റപ്പെടുത്തി.

ബിജെപിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ എത്രയും പെട്ടെന്ന് തന്നെ പരീക്കര്‍ രാജിവെക്കണമെന്നും, കര്‍ണാടകയിലും ഗോവയിലും ഗോഹത്യ നിരോധിച്ചത് പരീക്കറിന് അറിയില്ലേ എന്നും വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയിന്‍ ചോദിച്ചു.

ഗോവയില്‍ ബീഫ് ക്ഷാമം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം നിയമസഭയിലാണ് മനോഹര്‍ പരീക്കര്‍ പറഞ്ഞത്. ദിവസവും 2000 കിലോ ബീഫാണ് ഗോവ മീറ്റ് കോംപ്ലക്‌സില്‍ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതെന്നും, തികഞ്ഞില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

കശാപ്പിനായി മൃഗങ്ങളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Top