ആറ്റിങ്ങലില്‍ മുരളീധരന്‍,തൃശൂരില്‍ സുരേഷ് ഗോപി; ബിഡിജെഎസിന് 3 സീറ്റുകള്‍ നല്‍കാനാണ് തീരുമാനം

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബിജെപി. ആറ്റിങ്ങലില്‍ മുരളീധരന്‍, തൃശൂരില്‍ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാകും. മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാലക്കാട് ചേരുന്ന ബിജെപി ഇന്‍ ചാര്‍ജുമാരുടെ യോഗത്തില്‍ ധാരണയായി.ബിജെപി ദേശീയ കൗണ്‍സിലിന് മുമ്പ് ആറോ ഏഴോ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. പത്തനംതിട്ടയില്‍ പി സി ജോര്‍ജോ ഷോണ്‍ ജോര്‍ജോ സ്ഥാനാര്‍ത്ഥിയാകും. ബിഡിജെഎസിന് 3 സീറ്റുകള്‍ നല്‍കാനാണ് തീരുമാനം.

കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ പ്രഖ്യാപനമുണ്ടാകും.ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളാകും ആദ്യ പട്ടികയില്‍ സ്ഥാനം പിടിക്കുക. രണ്ടിടത്തും ആദ്യ പട്ടികയില്‍ പേരുകളായി.കേന്ദ്രമന്ത്രി വി മുരളീധരന്‍ ആറ്റിങ്ങലില്‍ ഇതിനോടകം പ്രചാരണം നടത്തിയും കഴിഞ്ഞു. ബിജെപി കേരളത്തിലെ എ പ്ലസ് മണ്ഡലമെന്ന് കരുതുന്ന തൃശൂരില്‍ സുരേഷ് ഗോപി കളത്തിലിറങ്ങും. വലിയ പ്രതീക്ഷയുള്ള തൃശൂരില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബിജെപി തന്ത്രം മെനയുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണത്തിന് കഴിഞ്ഞയാഴ്ച തന്നെ ബിജെപി തുടക്കമിട്ടിരുന്നു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ പ്രചരണ വിഡിയോ പുറത്തുവിട്ടു.

Top