സ്ത്രീവിരുദ്ധതയാൽ വാർത്തെടുക്കപ്പെട്ട പാർട്ടിയാണ് ബിജെപി; എ.എ റഹിം എം.പി

തിരുവനന്തപുരം: സിപിഐഎം വനിതാ നേതാക്കൾക്കെതിരായ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ എ.എ റഹിം എം.പി രം​ഗത്ത്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കെ. സുരേന്ദ്രന്റെ പരാമർശം പരിഷ്കൃത സമൂഹത്തിന് ഉചിതമല്ല. സ്ത്രീവിരുദ്ധതയും ബോഡിഷെയ്മിങ്ങും ആധുനിക കാലത്തിന് ചേർന്നതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനസിലാക്കണം.

ആധുനികകാലത്ത് സ്ത്രീകൾക്കും യുവാക്കൾക്കും ചേർന്നുനിൽക്കാൻ പറ്റാത്ത പാർട്ടിയായി ബിജെപി മാറിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മനസ്സിലെ സ്ത്രീവിരുദ്ധ എത്രത്തോളം ഉണ്ടെന്നതിന് തെളിവാണ് ഇത്തരം പരാമർശങ്ങൾ. സ്ത്രീവിരുദ്ധതയാൽ വാർത്തെടുക്കപ്പെട്ട പാർട്ടിയാണ് ബിജെപി എന്ന് സുരേന്ദ്രൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സിപിഐഎം വനിതാ നേതാക്കൾക്കെതിരായ പരാമർശത്തിൽ നിർമ്മല സീതാരാമനും സ്മൃതി ഇറാനിയും നിലപാട് വ്യക്തമാക്കണം. ഇത് ആദ്യമായല്ല സുരേന്ദ്രൻ ഇത്തരം പരാമർശം നടത്തുന്നത്. യുവ ജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധിക്ഷേപിച്ചത്.

ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം. കമ്മീഷൻ അടിക്കൽ മാത്രമാണ് ചിന്ത ചെയ്യുന്ന ജോലിയെന്നും സുരേന്ദ്രൻ പരിഹസിച്ചിരുന്നു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. തന്റെ പരാമർശത്തിൽ മോശമായി ഒന്നുമില്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാർലമെന്ററിയെന്നുമാണ് സുരേന്ദ്രൻ കളക്ടറേറ്റ് മാർച്ചിലെ പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Top