പിണറായി സർക്കാറിന് ‘വിധേയരായ’ ഉദ്യോഗസ്ഥർക്കെതിരെ പരിവാർ ‘അജണ്ട’

ips-ias

ബരിമലയിൽ ആചാരലംഘനം നടത്തിയ യുവതികൾക്ക് ഒത്താശ ചെയ്ത ഐ.പി.എസുകാരെ പാഠം പഠിപ്പിക്കുമെന്ന നിലപാടിൽ സംഘപരിവാർ.

യുവ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പ്രധാനമായും ഈ നീക്കങ്ങൾക്ക് ചരട് വലിച്ചത് എന്നതിനാൽ കേന്ദ്ര ഡെപ്യൂട്ടേഷൻ അടക്കമുള്ള കാര്യങ്ങളിൽ റെഡ് സിഗ്നൽ ഉയർത്താനാണ് നീക്കം.

കേരളത്തിൽ പിണറായി സർക്കാറിനോട് അമിതമായി വിധേയത്വം കാണിക്കുന്ന ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വകകളെ കുറിച്ചും മറ്റും സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവും ആർ.എസ്.എസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉയർന്നു കഴിഞ്ഞു.

വനിതാ മതിലിൽ പങ്കെടുത്ത തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകിയും തൃശൂർ ജില്ലാ കളക്ടർ അനുപമയും ചട്ടലംഘനം നടത്തിയതിനാൽ നടപടി വേണമെന്ന ആവശ്യം ബി.ജെ.പി നേതാക്കളും ഉന്നയിച്ചു കഴിഞ്ഞു. ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നത് കെ. മുരളീധരൻ എം.എൽ.എയാണ്. വനിതാ മതിൽ രാഷ്ട്രീയ പരിപാടി ആണെന്നാണ് അദ്ദേഹവും ആരോപിക്കുന്നത്.

സർക്കാർ പരിപാടി ആയതിനാലാണ് പങ്കെടുത്തതെന്ന കളക്ടർമാരുടെ വിശദീകരണമെന്നും പ്രതിപക്ഷം മുഖവിലക്കെടുത്തിട്ടില്ല. കേന്ദ്ര സർവ്വീസിലാണ് ജോലി ചെയ്യുന്നതെന്ന നല്ല ബോധ്യം ഐ.എ.എസുകാർക്കും ഐ.പി.എസുകാർക്കും ഉണ്ടാകുന്നത് നല്ലതാണെന്നാണ് ബി.ജെ.പി – ആർ.എസ്.എസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

അഴിമതിക്കാരായ ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടി തുടങ്ങണമെന്ന ആവശ്യം നടപ്പാകും വരെ സമ്മർദ്ദം തുടരാനാണ് സംസ്ഥാന നേതാക്കളുടെ ഇപ്പോഴത്തെ തീരുമാനം.

കേന്ദ്ര സർവ്വീസിലുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം കാര്യങ്ങൾ അന്വേഷിക്കാനും നടപടി സ്വീകരിക്കാനും സി.ബി.ഐക്കും ആദായ നികുതി വകുപ്പിനും എൻഫോഴ്സ്മെന്റിനും സംസ്ഥാന സർക്കാറുകളുടെ അനുമതി ആവശ്യമില്ല.

സി.ബി.ഐ തലപ്പത്തും ഐ.പി.എസുകാരാണ് ഉള്ളത് എന്നതിനാൽ സാധാരണ ഗതിയിൽ ഇത്തരം സാഹസം സി.ബി.ഐ കാട്ടാറില്ല.

എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം കേന്ദ്ര സേനയെ കാവൽ നിർത്തി തമിഴ് നാട് ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാമമോഹന റാവുവിന്റെ വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി, എൻഫോഴ്സ് മെന്റ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കാളികളായി. തമിഴ് നാട് സർക്കാറിനെയും പൊലീസ് സേനയെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

കളളപ്പണ കേസിൽ അറസ്റ്റിലായ ശേഖർ റെഡ്ഡിയുമായി ചീഫ് സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു റെയ്ഡ്. 30 ലക്ഷം രൂപയും 5 കിലോ സ്വർണ്ണവും നിരവധി പണ ഇടപാട് രേഖകളും റാവുവിന്റെ മകന്റെയും ബന്ധുക്കളുടെയും വീട്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാമമോഹന റാവുവിനെ സസ്പെന്റ് ചെയ്യുകയുണ്ടായി.

ഇത്തരം നടപടി സംഘ പരിവാർ വിരുദ്ധരും സി.പി.എം പ്രേമികളുമായ കേരളത്തിലെ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരോടും കാണിക്കണമെന്നതാണ് ആർ.എസ്.എസ് തലപ്പത്തെ ആവശ്യം.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തിയാൽ പലതും അറിയാൻ കഴിയുമെന്നും അത് തുടർ നടപടിക്ക് സഹായകരമാകുമെന്നുമാണ് കണക്കുകൂട്ടൽ.

നാഗപ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം വഴി ഈ ആവശ്യം പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരും സി.ബി.ഐയുമെല്ലാം പ്രധാനമന്ത്രിയുടെ പേഴ്സണൽ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്.

ഫെഡറൽ സംവിധാനം നില നിൽക്കുന്നതിനാൽ സംസ്ഥാന സർക്കാറുകളാണ് കേന്ദ്രം വിട്ടു നൽകുന്ന ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നിയമനം നൽകുന്നത്. എന്നാൽ ഇവരുടെ ഉദ്യോഗക്കയറ്റത്തിന് കേന്ദ്രത്തിന്റെ അനുമതി അനിവാര്യമാണ്. കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥർക്കെതിരായ പരാതികളിൽ ഇടപെടാനുള്ള അധികാരവും കേന്ദ്ര സർക്കാറിനുണ്ട്.ഇവരെ സർവ്വീസിൽ നിന്നും പിരിച്ച് വിടാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.

പുതിയ സി.ബി.ഐ ഡയറക്ടറായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ വന്നതും ആർ.എസ്.എസ് നേതൃത്വം ഗൗരവമായാണ് കാണുന്നത്. ഒരു കാരണവശാലും ബഹറയെ സി.ബി.ഐ മേധാവി ആക്കരുതെന്നാണ് ആർ.എസ്.എസ് നിലപാടെന്നാണ് സൂചന. പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിയാണ് 17 പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നും സി.ബി.ഐ മേധാവിയെ തിരഞ്ഞെടുക്കുക. ബഹറക്കെതിരെ ഗുരുതര ആരോപണം മുൻ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി നേരത്തെ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആർ.എസ്.എസ് നേതൃത്വത്തിന്റെയും ഇടപെടൽ.

സി.ബി.ഐ മേധാവിയെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പാർലമെന്റിലെ പ്രതിപക്ഷ നേതാവ് കൂടി ഉള്ളതിനാൽ കോൺഗ്രസ്സിനും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഇനി സ്വീകരിക്കേണ്ടി വരും.

അതേസമയം പട്ടികയിൽ ആരു തന്നെ വന്നാലും സി.ബി.ഐ മേധാവിയായി രാജ്യത്തെ മികച്ച ഉദ്യോഗസ്ഥൻ തിരഞ്ഞെടുക്കപ്പെടുമെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്.

കേരളത്തിൽ സംഘപരിവാറുകാരെ പൊലീസ് വേട്ടയാടുന്നത് ബഹറയുടെ നിർദ്ദേശ പ്രകാരമാണെന്ന് ആരോപിച്ചാണ് പരിവാർ നേതാക്കളുടെ പ്രതിഷേധം.നേരത്തെ ശബരിമല വിഷയത്തിൽ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.ജി.പിയുടെ ഒറീസയിലെ വസതിയിലേക്ക് സംഘ പരിവാർ മാർച്ച് നടത്തിയിരുന്നു.

മുന്‍പ് എന്‍.ഐ.എ തലപ്പത്ത് പ്രവര്‍ത്തിച്ച ബഹറയെ സംബന്ധിച്ച് ഡെപ്യൂട്ടേഷന് പോകാനാണ് താല്‍പ്പര്യമെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.

യുവ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചും ഡെപ്യൂട്ടേഷൻ അവരുടെ സ്വപ്നമാണ്. നിലവിൽ സി.ബി.ഐയിലും ഐ.ബിയിലും ഉൾപ്പെടെ കേരള കേഡറിലെ നിരവധി പേർ സേവനമനുഷ്ടിക്കുന്നുമുണ്ട്. എന്തിനേറെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആർ.എൻ രവിയുമെല്ലാം കേരള കേഡറിലെ മുൻ ഐ.പി.എസുകാരാണ്.

ഡി.ജി.പി റാങ്കിൽ കേരളത്തിൽ റിട്ടയർ ചെയ്ത മഹേഷ് കുമാർ സിംഗ്ലക്കും കേന്ദ്ര ആഭ്യന്തര വകുപ്പിൽ പിന്നീട് നിയമനം നൽകുകയുണ്ടായി. ഈ സാധ്യതകൾക്ക് എല്ലാം ഇനി മുതൽ റെഡ് സിഗ്നൽ ഉയർത്താനാണ് സംഘ പരിവാറിന്റെ നീക്കം. ബി.ജെ.പി തന്നെ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വരിക കൂടി ചെയ്താൽ പ്രതികാര നടപടികൾ കൂടുതൽ ശക്തമാകാനാണ് സാധ്യത.

Top