സമരം നേരിടാനെത്തിയ സിഖുകാരനായ എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ‘ഖലിസ്ഥാനി’ എന്നു വിളിച്ച് ആക്ഷേപിച്ച ബിജെപി പ്രവർത്തകർക്കെതിരെ കടുത്ത വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെയാണ് പ്രതിഷേധക്കാരിൽ ചിലർ എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ‘ഖലിസ്ഥാനി’ എന്നു വിളിച്ച് ആക്ഷേപിച്ചത്.
ഇതിനെതിരെ പൊലീസ് ഉദ്യോഗസ്ഥൻ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ‘‘ആദരണീയരായ നമ്മുടെ സിഖ് സഹോദരീസഹോദരൻമാരെ കരിവാരിത്തേക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായിത്തന്നെ അപലപിക്കുന്നു. നമ്മുടെ രാജ്യത്തിനായി അവർ സഹിക്കുന്ന ത്യാഗവും ഈ രാജ്യത്തോടുള്ള അവരുടെ അടിയുറച്ച ബന്ധവും എക്കാലവും ബഹുമാനിക്കപ്പെടുന്നതാണ്’ – മമത ബാനർജി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.