ബംഗാളില്‍ ബിജെപിക്കുള്ളിലെ ഭിന്നത മറനീക്കുന്നു ; സംസ്ഥാന അധ്യക്ഷനെതിരെ ഉപാധ്യക്ഷന്‍

chandrakumar-bose

കൊല്‍ക്കത്ത: ബംഗാളിലെ ബി ജെ പിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തോട്ട് വരുന്നു. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് സംസ്ഥാന അധ്യക്ഷനെതിരായ ഭിന്നത പരസ്യമാക്കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തു വരുന്നത്.

സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം ചോദ്യമുയര്‍ത്തിത്. ഇപ്പോഴത്തെ രീതി മാറ്റി എന്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിക്കൂടായെന്നും അദ്ദേഹം ചോദിച്ചു. ‘ജനാധിപത്യത്തെക്കുറിച്ച് വാചാലമാകുന്ന പാര്‍ട്ടിയാണ് ബിജെപി. പിന്നെ എന്തുകൊണ്ടാണ് പാര്‍ട്ടി അതിന്റെ സംസ്ഥാന അധ്യക്ഷനെ വോട്ടെടുപ്പിലൂടെ കണ്ടെത്താത്തതെന്നും’ അദ്ദേഹം ചോദിക്കുന്നു.

2007 മുതല്‍ ബിജെപിയെ പഠിക്കുന്ന ആളാണ് താന്‍. സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കാന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സൂറത്തില്‍ പോയിട്ടുണ്ട്. എനിക്ക് ഏറെ മതിപ്പ് തോന്നി. പക്ഷേ 2016 ല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം ബംഗാളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കണ്ട് താന്‍ തന്നെ ഞെട്ടിയെന്നും ബോസ് പറയുന്നു.

‘കോണ്‍ഗ്രസ് പോലെയല്ല, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അമിത് ഷാ തന്നെ പറയാറുള്ളത്, ബിജെപിയില്‍ ഏതൊരു സാധാരണക്കാരനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആകാന്‍ കഴിയുന്നുവെന്നാണ്. ലക്ഷ്യമോ ഫലമോ ഇല്ലാതെ ബിജെപി വഴിതെറ്റുകയാണ്. ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ പാര്‍ട്ടിക്ക് ആയിട്ടില്ല. ബംഗാളില്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരിയുടെ പേരക്കുട്ടി കൂടിയായ ബോസ് കൂട്ടിച്ചേര്‍ത്തു.

Top