അടച്ചുപൂട്ടല്‍ കാലത്ത് 5 കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ബിജെപി

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒന്‍പത് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ധനികര്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ ദിവസേന അഞ്ച് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുന്ന 1 കോടി പാര്‍ട്ടി അംഗങ്ങളെ കണ്ടെത്താന്‍ ബിജെപി നേതൃത്വം സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൊവിഡ്19 പകര്‍ച്ചവ്യാധി തടഞ്ഞ് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. ഈ ഘട്ടത്തിലാണ് ദേശീയ ഭാരവാഹികളുമായി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. അടച്ചുപൂട്ടല്‍ കാലയളവില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു കോടി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്താനാണ് നദ്ദ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വ്യാഴാഴ്ച മുതല്‍ തന്നെ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഇവര്‍ക്ക് ചുമതല നല്‍കാനാണ് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയിലെ ജനങ്ങളുമായി സംസാരിക്കവെയാണ് അടച്ചുപൂട്ടല്‍ കാലയളവില്‍ വിശന്ന് കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ചുരുങ്ങിയത് ഒന്‍പത് കുടുംബങ്ങള്‍ക്കെങ്കിലും ഭക്ഷണം നല്‍കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചത്.

സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഒപ്പം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അടച്ചുപൂട്ടല്‍ നടപ്പാക്കുമ്പോഴും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം അത്യാവശ്യം കാര്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ സഹായിക്കാനും മോദി അഭ്യര്‍ത്ഥിച്ചു. ഇതുവരെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് 15 പേരാണ് മരണമടഞ്ഞത്. 630 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top