എന്തിനോ വേണ്ടി ഒരു സമരം; ശബരിമല വിഷയത്തില്‍ പാളിപ്പോയ ബിജെപി തന്ത്രം. . .

ങ്ങനെ ബിജെപിയുടെ നിരാഹാര സമരത്തിന് തിരശ്ശീല വീണിരിക്കുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ കഴിഞ്ഞ 48 ദിവസങ്ങളായി തുടര്‍ന്നുവന്ന സമരം എങ്ങുമെത്താത്ത അവസ്ഥയിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഉള്ളത് പറഞ്ഞാല്‍ ഇല്ലത്ത് നിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തീതുമില്ല എന്ന അവസ്ഥ!

നാല്പത്തിയെട്ട് ദിവസം മാറി മാറി ഏഴ് പേര്‍ സമരം കിടന്നിട്ടും ആവശ്യങ്ങളൊന്നും പൂര്‍ണമായും അംഗീകരിക്കപ്പെട്ടില്ല. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, സമരത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരെ കേസെടുത്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആചാരം സംരക്ഷിക്കുക എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍.

സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപി പ്രവര്‍ത്തകര്‍ നിരാഹാരം കിടന്നിട്ടും ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നു. ശബരിമലയില്‍ സ്ത്രീപ്രവേശം നടന്നതോടെ ബിജെപി മുന്നോട്ട് വച്ച ആചാരസംരക്ഷണാവശ്യവും പാളിപ്പോയി. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളൊന്നും തന്നെ പിന്‍വലിച്ചിട്ടില്ല. കെ.സുരേന്ദ്രനെതിരെ കേസെടുത്ത പോലീസുകാര്‍ക്കെതിരെ നടപടിയും ഉണ്ടായില്ല. എന്നിട്ടും സമരം പല ഘട്ടങ്ങളിലും വിജയമായിരുന്നെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.

ഡിസംബര്‍ 3 നാണ് ഏറെ കൊട്ടിഘോഷിച്ച് ബിജെപി നിരാഹാരസമരം തുടങ്ങിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍രാധാകൃഷ്ണനായിരുന്നു ആദ്യം നിരാഹാരം നടത്തിയത്. എട്ടു ദിവസം കൊണ്ട് ആരോഗ്യം മോശമായതോടെ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകരക്കാരനായി സി.കെ.പത്മനാഭന്‍ പന്തലിലെത്തി.

ആ സമയത്താണ് ശബരിമല കര്‍മ്മസമിതി അംഗം വേണുഗോപാലന്‍ നായര്‍ സമരപന്തലിന് മുന്നില്‍ സ്വയം തീകൊളുത്തിയതും ആശുപത്രിയില്‍ വച്ച് മരിച്ചതും. ആ ആത്മാഹൂതി ആളിക്കത്തിച്ച് ഹര്‍ത്താല്‍ നടത്താന്‍ ബിജെപിക്കായെങ്കിലും ജനങ്ങള്‍ക്ക് മുമ്പില്‍ പാര്‍ട്ടി അപഹാസ്യമായി എന്നതാണ് വാസ്തവം. പത്മനാഭന്‍ പത്ത് ദിവസം സമരം ചെയ്തു. ആരോഗ്യം മോശമായതോടെ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റേതായിരുന്നു അടുത്ത ഊഴം. എട്ടാം ദിവസവും ശോഭയെയും സമരപ്പന്തലില്‍ നിന്ന് ആശുപത്രിയിലേക്കെത്തിക്കേണ്ടി വന്നു. ശോഭാസുരേന്ദ്രന്റെ നിരാഹാരസമരം തട്ടിപ്പായിരുന്നെന്ന തരത്തിലുണ്ടായ പ്രചരണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായി.

ബിജെപി ഉപാധ്യക്ഷന്‍ എന്‍.ശിവരാജനാണ് ശോഭയ്ക്ക് ശേഷം സമരത്തിനെത്തിയത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ശിവരാജന്റെ പ്രതികരണം വന്നതും അത് വിവാദമായതും ഇതേത്തുടര്‍ന്നാണ്. ഏഴ് ദിവസത്തെ നിരാഹാരത്തിനു ശേഷം ആരോഗ്യസ്ഥിതി മോശമായതോടെ ശിവരാജനും ആശുപത്രിയിലേക്ക് പോയി.

ഇതേ സമയത്താണ് സമരപ്പന്തലില്‍ ആരാണുള്ളതെന്ന പരിഹാസം ഉയരുന്നതും. റിലേ നിരാഹാരം നടത്തുന്ന നേതാവ് ആരാണെന്ന് പാര്‍ട്ടിനേതാക്കള്‍ക്ക് പോലും അറിയാന്‍ വഴിയില്ലെന്നായിരുന്നു എതിരാളികളുടെ പരിഹാസം. പിന്നീടങ്ങോട്ട് സമരവും സമരപ്പന്തലും അപ്രസക്തമായിരുന്നു എന്ന് തന്നെ പറയാം.

സംസ്ഥാന നേതാവ് പി.എം.വേലായുധനാണ് ശിവരാജന് ശേഷം നിരാഹാരത്തിനെത്തിയത്. അദ്ദേഹം ആറു ദിവസം സമരം ചെയ്തു. ശേഷം എത്തിയത് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി.രമ ആയിരുന്നു. പതിനൊന്നു ദിവസം സമരം ചെയ്ത ശേഷമാണ് ആരോഗ്യനില വഷളായതോടെ രമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിന്റേതായിരുന്നു അടുത്ത ഊഴം.

ആ സമയമായപ്പോഴേക്ക് സമരപ്പന്തലിലേക്ക് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥ വരെയായി. പാര്‍ട്ടിപ്രവര്‍ത്തകര്‍ പോലും തിരിഞ്ഞുനോക്കാനില്ലെന്ന സ്ഥിതി വന്നതോടെ ബിജെപി സ്വയം പരിഹാസ്യരായി. ഈ ഘട്ടത്തിലാണ് സമരം അവസാനിപ്പിക്കുകയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം വന്നത്. സമരം പല ഘട്ടങ്ങളിലും വിജയമായിരുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും അണികള്‍ എന്തൊക്കെ വിശ്വസിച്ചാലും സമരം പൂര്‍ണപരാജയാമായിരുന്നെന്ന് പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം!

political reporter

Top