കോവിഡ് അഴിമതി; ഹിമാചലിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്​ രാജിവെച്ചു

ഷിംല: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ബിന്‍ഡാല്‍ രാജിവെച്ചു. കോവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്.ബുധനാഴ്ച ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നല്‍കി. അഴിമതിക്കേസില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അജയ് കുമാര്‍ ഗുപ്തയെ മേയ് 20ന് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.

മെഡിക്കല്‍ വിതരണക്കാരനില്‍നിന്ന് ഗുപ്ത അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദസന്ദേശം വൈറലായതിനെ തുടര്‍ന്നാണ് അഴിമതി വിവരം പുറത്തായത്. അതേസമയം, അഴിമതി ആരോപണത്തില്‍ പാര്‍ട്ടിയുടെ പേര് വലിച്ചിഴക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ധാര്‍മ്മിക കാരണങ്ങളാലാണ് താന്‍ സ്ഥാനം രാജിവെക്കുന്നതെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദക്ക് നല്‍കിയ രാജിക്കത്തില്‍ രാജീവ് ബിന്‍ഡാല്‍ പറഞ്ഞു.

”ആരോഗ്യ ഡയറക്ടറുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഉടനടി നടപടിയെടുത്തിട്ടുണ്ട്. ഡയറക്ടര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. ഞാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായതിനാല്‍ ഈ അഴിമതി കേസില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനും അന്വേഷണം ഒരു തരത്തിലും സ്വാധീനിക്കപ്പെടാതിരിക്കാനും ആഗ്രഹിക്കുന്നു. ഉയര്‍ന്ന ധാര്‍മ്മിക കാരണങ്ങള്‍ കണക്കിലെടുത്താണ് രാജി നല്‍കുന്നത്” കത്തില്‍ ബിന്‍ഡാല്‍ വിശദീകരിച്ചു.

അതേസമയം, ഓഡിയോയിലെ ഉള്ളടക്കം അന്വേഷണ സംഘം പരിശോധിച്ചതായി പൊലീസ് സൂപ്രണ്ട് ശാലിനി അഗ്‌നിഹോത്രി വ്യക്തമാക്കി. ഫെബ്രുവരി മുതല്‍ വിവിധ മെഡിക്കല്‍ സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതില്‍ അഴിമതി നടന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

Top