മധ്യപ്രദേശില്‍ ബിജെപി നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 57 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. 230 സീറ്റുകളാണ് മധ്യപ്രദേശില്‍ ഉള്ളത്. നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 3 നാണ് വോട്ടെണ്ണല്‍.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മത്സരിക്കും. ബുധ്നിയില്‍ നിന്ന് തന്നെയാണ് ചൗഹാന്‍ ജനവിധി തേടുക. ആദ്യ മൂന്ന് പട്ടികയിലും ചൗഹാന്റെ പേരില്ലാത്തത് ചര്‍ച്ചയായിരുന്നു. ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ദത്തിയയില്‍ നിന്നും മത്സരിക്കും.

മൂന്ന് കേന്ദ്രമന്ത്രിമാരേയും നാല് ലോക്സഭാ എംപിമാരേയും ഉള്‍പ്പെടുത്തികൊണ്ടായിരുന്നു രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. എംപിമാരായ ഗണേഷ് സിങ്, റിഥി പഥക്, രാകേഷ് സിങ്, റാവു ഉദയ് പ്രതാപ് സിങ് എന്നിവരടക്കം 39 പേരുടെ പട്ടികയാണ് രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ഇതില്‍ ആറ് വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ടായിരുന്നു.

Top