മുസ്ലിംലീഗ് – കോൺഗ്രസ്സ് ബന്ധത്തിനു മറ്റൊരു മാനം നൽകി ബി.ജെ.പി, ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് !

ഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിനങ്ങളിൽ മുസ്ലീംലീഗ് പതാകയെ പോലും സ്വന്തം നേട്ടത്തിനായി ഉപയോഗിച്ച പാർട്ടിയാണ് ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയിൽ പങ്കെടുത്ത മുസ്ലീംലീഗ് പ്രവർത്തകർ ഉയർത്തിയ പതാകയെ പാക്കിസ്ഥാൻ പതാകയായി ചിത്രീകരിച്ചാണ് ബി.ജെ.പി നേട്ടം കൊയ്യാൻ ശ്രമിച്ചിരുന്നത്. അതിൽ ഒരു പരിധിവരെ അവർക്ക് വിജയിക്കാനും സാധിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിൽ ലീഗ് പതാകകൾ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിനു പോലും ഇടപെടേണ്ടി വന്നിട്ടുണ്ട്.

തീവ്ര ഹിന്ദുത്വ വാദം ഉയർത്തിപ്പിടിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ച് ദേശീയ വികാരം തൊട്ടുണർത്തേണ്ടത് തിരഞ്ഞെടുപ്പിലെ തന്ത്രമാണ്. അതു കൊണ്ടാണ് ശത്രു രാജ്യമായ പാക്കിസ്ഥാന്റെ പതാകയുമായി സാമ്യമുള്ള മുസ്ലീംലീഗ് പതാകയെ അവർ ആയുധമാക്കിയിരുന്നത്. രാജ്യം വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുമ്പോൾ ബി.ജെ.പിക്ക് കോൺഗ്രസ്സിനെ അടിക്കാൻ മറ്റൊരു വടികൂടി ലഭിച്ചിരിക്കുകയാണ്. അത് നൽകിയിരിക്കുന്നതാകട്ടെ രാഹുൽ ഗാന്ധിയുമാണ്.

അമേരിക്കയിൽവച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ രാഹുൽ ലീഗിനെ അനുകൂലിച്ചു പറഞ്ഞ വാക്കുകളാണ് സംഘപരിവാർ സംഘടനകൾ ആയുധമാക്കിയിരിക്കുന്നത്. “ബിജെപിയെ എതിർക്കുകയും, മുസ്ലിംലീ​ഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേയെന്ന” ചോദ്യത്തിന് രാഹുൽ ഗാന്ധി നൽകിയ മറുപടിയാണ് പരിവാറുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകന്റെ ആ ചോദ്യത്തിന് മുസ്ലിം ലീ​ഗ് മതേതരപ്പാർട്ടിയാണെന്നാണ് രാഹുൽ ഗാന്ധി മറുപടി പറഞ്ഞിരിക്കുന്നത്.

“മുസ്ലിംലീ​ഗ് കറകളഞ്ഞ മതേതര പാർട്ടിയാണെന്നും മതേതരമല്ലാത്തതായി ഒന്നും മുസ്ലിം ലീ​ഗിലില്ലന്നും ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, മുസ്ലിം ലീ​ഗിനെക്കുറിച്ച് പഠിക്കാതെയാണ് ചോദ്യകർത്താവിന്റെ ചോദ്യമുയർന്നതെന്നു പരിഹസിക്കുകയും ചെയ്തിരുന്നു. “പേരിലും കൊടിയിലും മത ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന പാർട്ടി വർഗ്ഗീയ പാർട്ടിയല്ലങ്കിൽ പിന്നെ ഏത് വിഭാഗത്തിൽപെടുമെന്ന ചോദ്യമാണ് സംഘപരിവാർ പ്രൊഫൈലുകളിൽ നിറയുന്നത്. മുസ്ലീം സമുദായംഗങ്ങൾ 99.99 % ഉള്ള ലീഗിൽ ആളുകളെ പൊട്ടാൻമാരാക്കാനാണ് മറ്റു സമുദായത്തിലെ ചിലരെ ചേർത്തിരിക്കുന്നതെന്നാണ് കാവിപ്പട പരിഹസിക്കുന്നത്.

ലീഗ് പച്ചയായ വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടാണ് ബിജെപി ഉയർത്തിപ്പിടിക്കുന്നത്. രാജ്യ വിരുദ്ധ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ലീഗെന്നും പേരില്‍ തന്നെ മതമുള്ള പാര്‍ട്ടിയുമായി കോൺഗ്രസ്സിനുള്ള സഖ്യം വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും പ്രചരണായുധമാക്കുമെന്നുമാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. അടുത്ത തവണ നെഹറു കുടുംബത്തിനു ലോകസഭ കാണണമെങ്കിൽ ലീഗ് കനിയേണ്ടതുണ്ട് എന്നതിനാലാണ് ലീഗിനെ രാഹുൽ ഗാന്ധി വെളുപൂശാൻ ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

മുസ്ലിംലീഗ് കേരളത്തിലെ മാത്രം ഒരു പ്രതിഭാസമാണെങ്കിലും ആ പാർട്ടിയെയും അതിന്റെ പതാകയെയും രാഹുലിനൊപ്പം കൂട്ടിക്കെട്ടിയാൽ രാജ്യവ്യാപക രാഷ്ട്രീയ നേട്ടം കൊയ്യാൻ കഴിയുമെന്നതാണ് ബി.ജെ.പിയുടെ കണക്കു കൂട്ടൽ. ഇതുവഴി ഭൂരിപക്ഷ സമുദായഞ്ഞ കോൺഗ്രസ്സിൽ നിന്നും അകറ്റുകയാണ് ലക്ഷ്യം. കർണ്ണാടകയിലെ വിജയത്തോടെ ഉണർന്ന കോൺഗ്രസ്സ് ക്യാംപിനെ മൂലക്കിരുത്താൻ ഭൂരിപക്ഷ കാർഡ് ശക്തമായി ഉയർത്താൻ തന്നെയാണ് തീരുമാനം.

ലോകസഭ തിരഞ്ഞെടുപ്പിന് മുൻപു തന്നെ അയോദ്ധ്യയിലെ രാമക്ഷേത്രവും ഭക്തർക്കായി തുറന്നു കൊടുക്കും. ഡിസംബർ 31 മുതൽ ജനുവരി 15 വരെ ഏത് സമയത്തും അതിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് അറിയുന്നത്. ഇതൊരു രാജ്യ വ്യാപക ആഘോഷമാക്കാനാണ് സംഘപരിവാർ സംഘടനകൾ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനും കേന്ദ്ര സർക്കാറിനു പദ്ധതിയുണ്ട്. കൃത്യവും വ്യക്തവുമായ പ്ലാനാണ് ലോകസഭ തിരഞ്ഞെടുപ്പു മുൻ നിർത്തി സംഘപരിവാർ പണിപ്പുരയിൽ ഒരുങ്ങുന്നത്. ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് മഹാസഖ്യം ഉണ്ടാക്കാനുള്ള സാധ്യതയും ബി.ജെ.പി നേതൃത്വം മുന്നിൽ കാണുന്നുണ്ട്.

മോദിക്കെതിരെ ഒറ്റക്കെട്ടായി ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കില്ല എന്നതും തിരഞ്ഞെടുപ്പിനു മുൻപ് മഹാസഖ്യം സാധ്യമാകില്ല എന്നതുമാണ് ബി.ജെ.പിക്ക് ആശ്വാസമാകുന്നത്. മാത്രമല്ല പ്രതിപക്ഷ പാർട്ടികളായ വൈ.എസ്.ആർ കോൺഗ്രസ്സ്, ബിജു ജനതാദൾ, ബി.എസ്.പി തുടങ്ങിയവർ നിർണ്ണായക ഘട്ടത്തിൽ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. ആന്ധ്രയിൽ ഇനി ചന്ദ്രബാബു നായിഡുവിന്റെ തെലങ്കുദേശം പാർട്ടി നേട്ടമുണ്ടാക്കിയാലും ബി.ജെ.പിയെ സംബന്ധിച്ച് ഭയക്കേണ്ടതില്ല. കാരണം മുൻ എൻ.ഡി.എ കൺവീനറായിരുന്നു ചന്ദ്രബാബു നായിഡു എന്നതും നാം ഓർക്കണം.

എൻ.സി.പി, ജെ.ഡി.എസ് പാർട്ടികളും പരിഗണന ലഭിച്ചാൽ ബി.ജെ.പി പാളയത്തിലാണ് ആദ്യം എത്തുക. എന്തിനേറെ ഇപ്പോൾ മോദി വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോലും മുൻപ് എൻ.ഡിഎയുടെ ഭാഗമായിരുന്നു. ആദ്യ എൻ.ഡി.എ സർക്കാറിൽ മമതയുടെ തൃണമൂൽ കോൺഗ്രസ്സും സ്റ്റാലിന്റെ ഡി.എം.കെയും അംഗമായിരുന്നു എന്ന സത്യം കൂടി മനസ്സിലാക്കുമ്പോൾ രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കൾ ഇല്ലന്നതാണ് വ്യക്തമാകുക. എന്തിനേറെ കേരളത്തിൽ ഉൾപ്പെടെ ബി.ജെ.പിയുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയ ചരിത്രം സെക്യുലർ പാർട്ടിയായ കോൺഗ്രസ്സിനുമുണ്ട്. ഇതിനൊരു അപവാദം യഥാർത്ഥത്തിൽ ഇടതുപക്ഷപാർട്ടികൾ മാത്രമാണ്.

രാഷ്ട്രീയ എതിരാളികളായ കോൺഗ്രസ്സിനോട് വരെ സഹകരിക്കാൻ തയ്യാറായ സി.പി.എം ഇതുവരെ ബി.ജെ.പിയോട് സഹകരിക്കാൻ തയ്യാറായിട്ടില്ല. ചുവപ്പിന്റെ പ്രത്യയശാസ്ത്രപരമായ നിലപാട് കൂടിയാണത്. കടുത്ത ബി.ജെ.പി വിരുദ്ധത ഉയർത്തിപ്പിടിക്കാത്ത മറ്റു പാർട്ടികൾ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ കൂടുതൽ സീറ്റുകൾ നേടുന്ന വിഭാഗത്തിനൊപ്പം ചേരാനാണ് സാധ്യത. അതാകട്ടെ ബി.ജെ.പിക്കാണ് ആദ്യന്തികമായി ഗുണം ചെയ്യുക. ബി.ജെ.പിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് കോൺഗ്രസ്സാണ്. ന്യൂയോർക്കിലെ പത്ര സമ്മേളനത്തിലൂടെ ഇപ്പോൾ രാഹുൽ ഗാന്ധി ചെയ്തിരിക്കുന്നതും അതു തന്നെയാണ്. മുസ്ലീംലീഗ് സംബന്ധമായി ഉയർന്നു വന്ന ചോദ്യം തന്നെ പരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നു തിരിച്ചറിയുന്നതിലാണ് രാഹുൽ ഗാന്ധി പരാജയപ്പെട്ടിരിക്കുന്നത്.

EXPRESS KERALA VIEW

Top