പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബിജെപി

bjp karnataka

ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബിജെപി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വിവേചനവും അഴിമതിയും അവസാനിപ്പിക്കണമെന്നും ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഡി അശ്വനീദേവ് ആവശ്യപ്പെട്ടു.

കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും ഡാമുകളിലെ ജലനിരപ്പ് കൃത്യമായി ക്രമീകരിക്കാതെ പ്രളയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ട്. യാതൊരു മുന്നറിയിപ്പുകളും കൂടാതെയാണ് ഡാമുകള്‍ എല്ലാം തുറന്ന് ജനങ്ങളെ പ്രളയത്തിന്റെ കെടുതിയിലേക്ക് സര്‍ക്കാര്‍ തള്ളിവിട്ടത്. ഇതിന്റെ പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു.

ദുരിതാശ്വാസത്തിനു ശേഷമുള്ള സര്‍ക്കാര്‍ നടപടികള്‍ ഇത് ശരിവെക്കുന്നതാണ്. ഇത്രയും വലിയ പ്രളയം ഉണ്ടായിട്ടും കര്‍ഷക പ്രസ്ഥാനം കൊണ്ട് കെട്ടിപ്പെടുത്തിയ പാര്‍ട്ടിയുടെ മുഖ്യമന്ത്രി നാളിതുവരെ കുട്ടനാട് സന്ദര്‍ശിച്ചിട്ടില്ല എന്നത് തന്നെ പ്രളയ ബാധിതരോടുള്ള സര്‍ക്കാര്‍ സമീപനം എന്താണെന്ന് വ്യക്തമാണെന്നും ഡി അശ്വനീദേവ് പറഞ്ഞു.

കേരളത്തെ പ്രളയത്തില്‍ മുക്കിയ ഇടതുസര്‍ക്കാരിനെതിരെ ആലപ്പുഴ ടൗണില്‍ നടന്ന ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ടൗണ്‍ ഏരിയ പ്രസിഡണ്ട് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ് മുഖ്യപ്രഭാഷണം നടത്തി.

Top