‘കമല്‍നാഥിന്റെ ആവശ്യമില്ല,ബിജെപിയുടെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും’:കൈലാഷ് വിജയവർഗിയ

ജബല്‍പുര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ ബിജെപിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. മധ്യപ്രദേശ് ബിജെപി മുന്‍ അധ്യക്ഷനും മന്ത്രിയുമായ കൈലാഷ് വിജയ്വര്‍ഗിയയാണ് കമല്‍നാഥിനെതിരെ രംഗത്തെത്തിയത്. കമല്‍നാഥും മകന്‍ നകുല്‍നാഥും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളോടായിരുന്നു ബിജെപി മന്ത്രിയുടെ പ്രതികരണം. കമല്‍നാഥിന്റെ അടുത്ത നീക്കമെന്താണെന്ന് ഉറ്റുനോക്കുന്നതിനിടെയാണിത്.

”ഞങ്ങളുടെ പാര്‍ട്ടിയില്‍ കമല്‍നാഥിന്റെ ആവശ്യമില്ല. അതുകൊണ്ട് അദ്ദേഹത്തിനുനേരെ ബിജെപിയുടെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും” കൈലാഷ് വിജയ്വര്‍ഗിയ പറഞ്ഞു.

കമല്‍നാഥും മകനും എംപിയുമായ നകുല്‍നാഥും ഡല്‍ഹിയിലെത്തിയതിനു പിന്നാലെയാണ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ഇതിനിടെ കമല്‍നാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയില്‍ നിന്നുള്ള നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നു.

ചിന്ദ്വാര ലോക്സഭാ സീറ്റില്‍ നകുല്‍നാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നു പറഞ്ഞാണ് ആരോപണങ്ങളെ കോണ്‍ഗ്രസ് നേരിടുന്നത്. കമല്‍നാഥുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അദ്ദേഹം കോണ്‍ഗ്രസ് വിടില്ലെന്നു പറയുമ്പോഴും അഭ്യൂഹങ്ങളോടു പ്രതികരിക്കാന്‍ കമല്‍നാഥ് ഇതുവരെ തയ്യാറായിട്ടില്ല.

Top