പാര്‍ട്ടി പ്രവര്‍ത്തകന്റെ തലവെട്ടുമെന്ന് ഹരിയാന മുഖ്യമന്ത്രി; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കിരീടം ധരിപ്പിക്കാന്‍ ശ്രമിച്ച അനുയായിയോട് തലവെട്ടുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രവര്‍ത്തകനോട് ക്ഷുഭിതനാകുന്ന ഖട്ടറിന്റെ വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടു.

‘ജന്‍ ആശീര്‍വാദ്’ യാത്രയ്ക്കിടെ തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ, പ്രവര്‍ത്തകരില്‍ ഒരാള്‍ നല്‍കിയ മഴുവുമായി നില്‍ക്കുമ്പോഴാണ് അനുയായികള്‍ ഖട്ടറിന്റെ തലയില്‍ കിരീടം ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഇതില്‍ ക്ഷുഭിതനായ ഖട്ടര്‍ കിരീടം ധരിപ്പിക്കാന്‍ ശ്രമിച്ച അനുയായിയോട് ദേഷ്യപ്പെടുകയും തലവെട്ടിയെടുക്കുമെന്ന് ആക്രോശിക്കുകയുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഈ പ്രവണതയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല രംഗത്തെത്തി. മുഖ്യമന്ത്രി അനുയായിയോട് കയര്‍ക്കുന്ന വീഡിയോ സഹിതം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘തലവെട്ടുമെന്നാണ് അനുയായിയോട് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കില്‍ പൊതുജനങ്ങളോട് അദ്ദേഹം എങ്ങനെയായിരിക്കുമെന്നും പെരുമാറുക’യെന്നും സുര്‍ജ്ജേവാല ട്വിറ്ററിലൂടെ ചോദിച്ചു.

അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ഖട്ടര്‍ രംഗത്തെത്തി. ‘ആരെങ്കിലും, പ്രത്യേകിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്റെ തലയില്‍ കിരീടം വയ്ക്കാന്‍ ശ്രമിച്ചാല്‍ തനിക്ക് തീര്‍ച്ചയായും എനിക്ക് ദേഷ്യം വരും. അത്തരം കാര്യങ്ങളെ ഞാന്‍ പ്രോത്സാഹിപ്പിക്കുകയുമില്ല. അത്തരത്തിലുള്ള എല്ലാ രീതികളും അവസാനിപ്പിച്ചാണ് അധികാരത്തിലെത്തിയത്’- ഖട്ടര്‍ വ്യക്തമാക്കി. തന്റെ പ്രവൃത്തിയെ പാര്‍ട്ടി മോശമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top