ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു: സോണിയ ഗാന്ധി

 

ന്യൂഡല്‍ഹി:ജനാധിപത്യത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി.

പൗരത്വ നിയമത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്നും സോണിയ പറഞ്ഞു.

സോണിയ ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെ

വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് നേരെരാജ്യവ്യാപകമായി നടക്കുന്ന ക്രൂരമായ പോലീസ് നടപടികളെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ വിഭാഗീയവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം പ്രതിഷേധം ഉയരുന്നുണ്ട്. ജനാധിപത്യത്തില്‍&ിയുെ;സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.ജനങ്ങളുടെ ആവശ്യങ്ങളെയും ആശങ്കകളെയും കേള്‍ക്കാന്‍ സര്‍ക്കാരകിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിക്കുകയും അവയെ ക്രൂരമായി അടിച്ചമര്‍ത്തുകയുമാണ് ചെയ്യുന്നത്. ജനാധിപത്യത്തില്‍ ഇതൊട്ടും അംഗീകരിക്കാന്‍ സാധിക്കില്ല.

ബിജെപി സര്‍ക്കാരിന്റെ പ്രവൃത്തികളെ കോണ്‍ഗ്രസ് അപലപിക്കുന്നു. പോരാട്ടം നയിക്കുന്ന രാജ്യത്തെ ജനങ്ങളോടും വിദ്യാര്‍ഥികളോടും കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പൗരത്വ നിയമ ഭേദഗതി വിവേചനപരമാണ്. രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് ഒരു പാവപ്പെട്ടവരും തീരെ സാധാരണക്കാരുമായ ജനങ്ങളെയാണ് ദോഷകരമായി ബധിക്കുക. നോട്ട് അസാധുവാക്കല്‍ കാലത്തെപ്പോലെ ജനങ്ങള്‍ തങ്ങളുടെ പൗരത്വം തെളിയിക്കുന്നതിന് വേണ്ടി വരിനില്‍ക്കേണ്ടി വരും. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു, -ജയ് ഹിന്ദ്

 

 

Top