തമിഴകത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമം; എം.കെ സ്റ്റാലിന്‍

ചെന്നൈ: ബി.ജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര് അധികാരം പിടിക്കണം എന്നതിലുപരി ആര് തുടരരുത് എന്നതാണ് ഏറ്റവും പ്രധാന വശമെന്നും, കേന്ദ്രത്തില്‍ ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിക്കുകയാണെങ്കില്‍ ജനാധിപത്യവും സാമൂഹിക നീതിയും ഭരണഘടനയും സംരക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 888 സീറ്റുകളുടെ കപ്പാസിറ്റി ചൂണ്ടിക്കാട്ടി, സെന്‍സസിന്റെ പേരില്‍ ലോക്സഭയിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കുടുംബാസൂത്രണ നയം കൃത്യമായി പിന്തുടരുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന തമിഴ്നാടിനെയും കേരളത്തെയും പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം തീരുമാനിക്കുമ്പോള്‍ ജനസംഖ്യയ്ക്ക് വെയിറ്റേജ് നല്‍കാനുള്ള നിര്‍ദ്ദിഷ്ട ശ്രമം ദോഷകരമായി ബാധിക്കും. മറുവശത്ത്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാരുടെ എണ്ണം അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വര്‍ധിക്കും. 40 ലോക്സഭ സീറ്റുകള്‍ നേടിയാലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ എം.പിമാര്‍ വഴി അധികാരം പിടിക്കാമെന്ന തെറ്റായ കണക്കുകൂട്ടലാണ് അവര്‍ നടത്തുന്നത്. തമിഴകത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണ് മണിപ്പൂരിലെ അക്രമമെന്നും ഇത് 2002ലെ ഗുജറാത്ത് കലാപത്തെ ജനങ്ങളെ ഓര്‍മിപ്പിക്കുന്നുവെന്നും ഡി.എം.കെ അധ്യക്ഷന്‍ ആരോപിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ അത് ജനാധിപത്യത്തിന്റെ അന്ത്യമാകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍.

 

Top