ഏകീകൃത സിവിൽ കോഡ്; ബി.ജെ.പിയുടെ രാഷ്ട്രീയ ‘ആയുധം’, മുനയൊടിക്കുമോ പ്രതിപക്ഷ പാർട്ടികൾ ?

പ്രതിപക്ഷ പാർട്ടികളുടെ ബി.ജെ.പി വിരുദ്ധ മുന്നണിയെ തകർക്കാൻ തീവ്ര ഹിന്ദുത്വവാദവും ദേശീയതയും തന്നെ വീണ്ടും ഉയർത്താൻ ബി.ജെ.പി നീക്കം. ഇതിനായി സജ്ജമാകാൻ സംഘപരിവാർ സംഘടനകളും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. എൻ.ഡി.എ മുന്നണിയായാണ് തിരഞ്ഞെടുപ്പിനെ നേരിടുകയെങ്കിലും ബി.ജെ. പി യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭ്യമാക്കുകയാണ് കാവിപ്പടയുടെ ലക്ഷ്യം. നരേന്ദ്ര മോദി സർക്കാറിന്റെ ഭരണത്തിൻ കീഴിൽ ഇന്ത്യ കരുത്തുറ്റ രാജ്യമായെന്നും സാമ്പാർ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഈ കരുത്താണ് ഇല്ലാതായി പോകുകയെന്നുമാണ് പരിവാർ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ തുടങ്ങിയ വിഷയങ്ങൾക്കു ശേഷം ഏകീകൃത സിവിൽ കോഡിലാണിപ്പോൾ ബി.ജെ.പി കൈവച്ചിരിക്കുന്നത്.

ജനസംഘം കാലം മുതൽ സംഘപരിവാർ ഉയർത്തുന്ന ആവശ്യമാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നത്. 2014ലും 2019ലും ബി.ജെ.പി ഈ വിഷയം തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതിൽ കേന്ദ്രീകരിച്ച പ്രചരണങ്ങൾ സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടത്തുന്ന ഏതൊരു നീക്കവും ഭൂരിപക്ഷ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായി ഏകീകരിക്കാൻ വഴി ഒരുക്കുമെന്നാണ് ആർ.എസ്.എസ് നേതൃത്വവും കണക്കു കൂട്ടുന്നത്. അതായത് കൃത്യമായ ആലോചനയ്ക്കു ശേഷമാണ് ബി.ജെ.പി. ഇപ്പോൾ ഇത്തരമൊരു സാഹസത്തിനു തുനിഞ്ഞിരിക്കുന്നതെന്നതു വ്യക്തം.

സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ തുടങ്ങിയ വിവാദ വിഷയങ്ങൾക്ക് ശേഷമാണ് ഏകീകൃത സിവിൽ കോഡിലും മോദി സർക്കാറിപ്പോൾ കൈവച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും മത സംഘടനകളിൽ നിന്നും 22-ാമത് നിയമ കമ്മീഷൻ നിർദ്ദേശങ്ങൾ തേടിയിരിക്കുന്നത്. സിവിൽ കോഡിന്മേലുള്ള ജനങ്ങളുടെ നിർദ്ദേശങ്ങൾ 30 ദിവസത്തിനകം സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമ കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ ഇ-മെയിൽ മുഖേനയോ പൊതുജനങ്ങൾക്കും അംഗീകൃത മത സംഘടനകൾക്കും നിർദ്ദേശങ്ങൾ പങ്കുവെയ്‌ക്കാൻ സാധിക്കും.

21-ാം നിയമ കമ്മീഷൻ മുൻപു തന്നെ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പഠനം നടത്തി പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും അതിന്റെ റിപ്പോർട്ടു സമർപ്പിക്കുകയും ചെയ്തിരുന്നെങ്കിലും, ഈ റിപ്പോർട്ടിന് മൂന്ന് വർഷത്തെ പഴക്കമുള്ളത് കണക്കിലെടുത്തും സിവിൽ കോഡ് സംബന്ധിച്ചുള്ള വിവിധ കോടതി ഉത്തരവുകളടെ സാഹചര്യത്തിലുമാണ് വീണ്ടും നിർദ്ദേശങ്ങൾ തേടിയിരിക്കുന്നത്.

അതേസമയം ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തി നിയമബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി രംഗത്തു വന്നതിനു തൊട്ടുപിന്നാലെയാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് അടിയന്തിര യോഗം ചേർന്നു നിർണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. എതിർപ്പ് വ്യക്തമാക്കി നിയമ കമ്മീഷന് കൈമാറാനുള്ള രേഖയും ബോർഡ് തയ്യാറാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് എതിർപ്പ് എന്നത് സംബന്ധിച്ച്, കമ്മിഷന് കൈമാറുന്ന രേഖയിൽ വിശദീകരിക്കും. ജൂലൈ 14-നകം അഭിപ്രായം അറിയിക്കാനാണ് കേന്ദ്ര നിയമ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്. ഉത്തരാഖണ്ഡ് പഠനത്തിനായി പ്രത്യേക സമിതി തന്നെ രൂപീകരിച്ചിട്ടുണ്ട് ഗുജറാത്തിൽ നടപടികൾ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും സമാന പാതയിലാണുള്ളത്. ഇടതുപക്ഷവും കോൺഗ്രസ്സും ഉൾപ്പെടെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന നിലപാടിലാണ് ഉറച്ചു നിൽക്കുന്നത്. മുൻപ് പാർലമെന്റിൽ ഇതു സംബന്ധമായ സ്വകാര്യ ബിൽ വന്നപ്പോൾ ഏറ്റവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത് സി.പി.എം അംഗങ്ങളായിരുന്നു. ഇപ്പോഴും ഇതേ നിലപാടിൽ തന്നെയാണ് സി.പി.എം. ഉറച്ചു നിൽക്കുന്നത്.

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയിൽ തരം തിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ നിയമമാണ് വിഭാവനം ചെയ്യുന്നത്.

ഭരണഘടനയുടെ 44 -ാം അനുഛേദത്തില്‍ നിര്‍ദേശക തത്വങ്ങളില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്നു പറയുന്നുണ്ട്. ഭരണ നിർവഹണത്തിലും നിയമ നിർമാണത്തിലും ഭരണകൂടങ്ങൾ പാലിക്കേണ്ട കാര്യങ്ങളാണ് നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിവില്‍ കോഡ് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ ഭരണഘടനാ രൂപീകരണ സമയത്ത്‌ തന്നെ ഉണ്ടായിട്ടുണ്ട്. അന്നും സിവില്‍ കോഡ് മൗലിക അവകാശമാക്കണമെന്ന ആവശ്യമാണ് ഉയർര്ന്നിരുന്നത്. ഇക്കാര്യത്തിൽ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ തീരുമാനത്തിനായിരുന്നു ഭൂരിപക്ഷ പിന്തുണയും ലഭിച്ചിരുന്നത്.

2016 -ല്‍ ഒന്നാം മോദി സര്‍ക്കാറാണ് ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. ഇത് ബി.ജെ.പിയുടെ തന്ത്രപരമായ രാഷ്ട്രീയ നീക്കം തന്നെ ആയിരുന്നു. തുടർന്ന് 2018 -ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങള്‍ കണ്ടെത്തി ഭേദഗതി ചെയ്യുക എന്ന നിര്‍ദേശമാണ് കമ്മീഷൻ അന്നു മുന്നോട്ടു വെച്ചിരുന്നത്. വിവാഹ പ്രായം 18 ആയി ഏകീകരിക്കുക, വിവാഹ മോചനത്തിനുളള നിയമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അന്നു തയ്യാറാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇക്കാര്യങ്ങളും നിലവിൽ 22 -ാം നിയമ കമ്മീഷന്റെ പരിഗണനയിലാണ് ഉള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ കണക്കു പ്രകാരം ആയിരത്തോളം വ്യക്തിനിയമങ്ങളാണ് രാജ്യത്തുള്ളത്. സിവില്‍ കോഡ് വരുമ്പോള്‍ ഈ നിയമങ്ങളെല്ലാം ഏകീകരിക്കപ്പെടാനാണ് സാധ്യത. ഹിന്ദു, സിക്ക്, ജൈന, ബുദ്ധ വിഭാഗങ്ങള്‍ക്ക് ഹിന്ദുവ്യക്തി നിയമങ്ങളാണ് ബാധകമാകുന്നത്. മുസ്ലിം വിഭാഗത്തിനാണെങ്കിൽ ശരീയത്ത് അപ്ലിക്കേഷന്‍ നിയമം 1937, മുസ്ലിം വുമണ്‍ റൈറ്റ് ടു പ്രൊട്ടക്ഷന്‍ ഓണ്‍ ഡിവോഴ്‌സ് നിയമം 1986, മുസ്ലിം മാരേജ് ഡിസൊലൂഷന്‍ നിയമം 1939 ഉം ആണ് ബാധകം. മുസ്ലിം വിഭാഗത്തിൽ എഴുതപ്പെട്ട വ്യക്തി നിയമങ്ങള്‍ ഇത് മാത്രമാണ്. ഈ വിഭാഗത്തിൽ കൂടുതല്‍ വിഷയങ്ങളിലും ഖുറാന്‍ അടിസ്ഥാനമാക്കിയാണ് തീര്‍പ്പുകളും തീരുമാനങ്ങളും സംഭവിക്കുന്നത്.

ക്രിസ്ത്യന്‍ വിഭാഗത്തിലാണെങ്കില്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, ഇന്ത്യന്‍ ഡിവോഴ്‌സ് നിയമം, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം എന്നീ 3 വ്യക്തി നിയമങ്ങളാണ് ഉള്ളത്. പാഴ്‌സികള്‍ക്കായി പാഴ്‌സി മാരേജ് ആന്‍ഡ് ഡിവോഴ്‌സ് നിയമവുമുണ്ട്. ഇതിനുപുറമെ വിവിധ ഗോത്രവിഭാഗങ്ങള്‍ ഉള്‍പ്പെടെ കാലങ്ങളായി പിന്തുടരുന്ന എഴുതപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ നിരവധി വ്യക്തി നിയമങ്ങള്‍ വേറെയുമുണ്ട്. ഏകീകൃത സിവിൽ കോഡ് വന്നാൽ ഇതിലെല്ലാം വലിയ മാറ്റങ്ങളാണ് വരിക.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും പൗരന്‍മാര്‍ക്ക് മൗലിക അവകാശമുള്ള രാജ്യമാണ് ഇന്ത്യ. ഒന്നുകില്‍ ഈ വ്യക്തി നിയമങ്ങളെല്ലാം അസാധുവാക്കി ഒരു സിവില്‍ കോഡ് രൂപീകരിക്കാം. അല്ലെങ്കില്‍ ചില വിഷയങ്ങളില്‍ മാത്രം ഏകീകൃത സ്വഭാവം നിലനിര്‍ത്തി വ്യക്തിനിയമങ്ങള്‍ പ്രത്യേക വിഭാഗമാക്കി ഉള്‍പ്പെടുത്തി സിവില്‍ കോഡിന് രൂപം നല്‍കുകയും ചെയ്യാം. ഇതിൽ ഏതാണ് സംഭവിക്കാൻ പോകുന്നത് എന്നതാണ് രാജ്യം ഇപ്പോൾ ഉറ്റു നോക്കുന്നത്.

ബിജെപിയുടെയും RSS -ന്റെയും രാഷ്ട്രീയ താൽപര്യങ്ങൾ ഏകീകൃത സിവിൽ കോഡിൽ സ്വാധീനമുണ്ടാക്കും എന്ന ആശങ്കയാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. വിവിധ മതസംഘടനകൾക്കു പുറമെ പ്രമുഖ പ്രതിപക്ഷ പാർട്ടികളും ഏകീകൃത സിവിൽ കോഡിനെതിരെ രംഗത്തു വരുന്നത് ആ നിയമം നടപ്പാക്കുന്നതിനു വലിയ തടസ്സം സൃഷ്ടിക്കുന്നതിനും കാരണമായേക്കും. സി.എ.എ നിയമത്തിനെതിരായ പ്രതിഷേധങ്ങളേക്കാൾ ശക്തമായ പ്രതിഷേധങ്ങൾക്കും സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ പോലും അതും രാഷ്ട്രീയമായി ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് സംഘപരിവാർ നേതൃത്വം കണക്കുകൂട്ടുന്നത്.

EXPRESS KERALA VIEW

Top