ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യദ്രോഹ നിയമം ശക്തമാക്കും; രാജ്നാഥ് സിങ്

Rajnath Singh

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രാജ്യദ്രോഹ നിയമം എടുത്ത് കളയുമെന്ന് പ്രതിപാദിക്കുന്ന കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ കടുത്ത വിമര്‍ശനമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്..? രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് അങ്ങനെയൊരു സൂചനയല്ലേ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രി വേണമെന്നാണ് മുന്‍ ജമ്മു മുഖ്യമന്ത്രി പറയുന്നത്. കശ്മീരിന് ഒരു പ്രധാനമന്ത്രിയും രാജ്യത്തെ മറ്റു ഭാഗങ്ങള്‍ക്ക് മറ്റൊരു പ്രധാനമന്ത്രിയും. ഞാനീ നേതാക്കളോട് പറയുകയാണ്, നിങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ തുടര്‍ന്നാല്‍ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ എടുത്ത് മാറ്റുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു വഴിയുണ്ടാകില്ല.

അഴിമിതി പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ആയി എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ അത്തരം ഒരു ദിശയിലേക്ക് നിര്‍ണായക നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മോദിയുടെ പ്രതിബദ്ധതയും സമഗ്രതയും ഒരാള്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Top