മൂന്നാം വാർഷികം ‘അടിപൊളി’ ആക്കാൻ 900 നഗരങ്ങളിൽ മോദി ഫെസ്റ്റ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികം അടിപൊളിയാക്കാന്‍ കര്‍മ്മ പദ്ധതിയുമായി ബിജെപി രംഗത്ത്.

‘മെയ്ക്കിങ്ങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ – ഫെസ്റ്റിവല്‍’ എന്നതിന്റെ ചുരുക്കെഴുത്താണ് മോദി ഫെസ്റ്റ്. കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

2014 മെയ് 26നാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റത്. വാര്‍ഷികാഘോഷങ്ങളിലെ മുഖ്യ പരിപാടിയായി മെയ് 26 മുതല്‍ ജൂണ്‍ 15 വരെയാണ് രാജ്യമെമ്പാടും മോദി ഫെസ്റ്റ് നടത്തുക.

രാജ്യത്തിനകത്തും പുറത്തും ഒരു പോലെ വന്‍വിജയമായ ‘മന്‍ കി ബാത്’ പ്രഭാഷണ മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജന്‍ കി ബാത്’ പരിപാടിയും സംഘടിപ്പിക്കും. തന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെക്കുറിച്ചു ജനങ്ങളില്‍നിന്നു നേരിട്ടറിയുകയാണ് മോദി ഉദ്ദേശിക്കുന്നത്. വാര്‍ഷികത്തിന്റെ ഭാഗമായി 20 ദിവസത്തെ ആഘോഷത്തിലാണ് ജന്‍ കി ബാത് അവതരിപ്പിക്കുക. മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സന്ദര്‍ശിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിഹാറും, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കര്‍ണാടകയും ഒഡിഷയും സന്ദര്‍ശിച്ചു കേന്ദ്രത്തിന്റെ പ്രവര്‍ത്തനനേട്ടങ്ങള്‍ വിശദീകരിക്കും.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 450 മുതിര്‍ന്ന ബിജെപി നേതാക്കളും ദേശീയ അധ്യക്ഷന്‍ അമിത് ഷായും രാജ്യത്തെ 900 നഗരങ്ങളില്‍ പ്രചാരണവുമായി എത്തുമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

നരേന്ദ്ര മോദി മെയ് 26ന് ഗുവാഹത്തിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അമിത് ഷാ ഈ ദിവസങ്ങളില്‍ കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഛത്തീസ്ഗഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാകും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ യഥാക്രമം മുംബൈ, ജയ്പുര്‍, ഡല്‍ഹി, ലക്‌നൗ, അഹമ്മദാബാദ്, ഭുവനേശ്വര്‍, ഛത്തീസ്ഗഡ്, ചെന്നൈ, റാഞ്ചി എന്നിവിടങ്ങളിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.

ബിജെപി ഭരണകൂടം അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലാണ് മോദി ഫെസ്റ്റും ആഘോഷങ്ങളും കൂടുതല്‍ സംഘടിപ്പിക്കുക. യുവാക്കളെയാണ് പരിപാടി മുഖ്യമായും ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെ വിവരണവും വിവിധ മൊബൈല്‍ ആപ്പുകളുടെയും സാങ്കേതികവിദ്യകളുടെയും പരിചയപ്പെടുത്തലുമാണ് ഫെസ്റ്റില്‍ നടക്കുകയെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപിയുടെ 11 മുഖ്യമന്ത്രിമാര്‍, അഞ്ച് ഉപമുഖ്യമന്ത്രിമാര്‍, 330 എംപിമാര്‍, ദേശീയസംസ്ഥാന നേതാക്കള്‍, എന്‍ഡിഎ സഖ്യകക്ഷികള്‍ എന്നിവരെല്ലാം ചേര്‍ന്നാണ് ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

Top