മണിപ്പുരില്‍ എന്‍പിപിയിലെ 4 അംഗങ്ങള്‍ ബിജെപി പാളയത്തിലേയ്ക്ക്

ഇംഫാല്‍: മണിപ്പുരില്‍ എന്‍പിപി (നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടി)യിലെ 4 അംഗങ്ങള്‍ ബിജെപി പാളയത്തിലേയ്ക്ക്. മൂന്നു ബിജെപി എംഎല്‍എമാര്‍ നിയമസഭാംഗത്വം രാജിവച്ചതോടെ പ്രതിസന്ധിയിലായ ബിരോണ്‍ സിങിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിന് ജീവവായു നല്‍കിയാണ് എന്‍പിപി അംഗങ്ങളുടെ ഈ പാളയമാറ്റം.

ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ നാല് എന്‍പിപി അംഗങ്ങള്‍ക്കും ക്യാബിനറ്റ് പദവി നല്‍കിയിട്ടും പിന്നില്‍നിന്ന് കുത്തിയെന്നു ബിജെപി നേതൃത്വം പരസ്യമായി വിമര്‍ശനം തൊടുത്തതിനു പിന്നാലെയാണ് എന്‍പിപി എംഎല്‍മാരെ ബിജെപി പാളയത്തില്‍ എത്തിച്ചത്.

എന്‍പിപിയിലെ നാല് എംഎല്‍മാര്‍ ബുധനാഴ്ച ബിജെപി ദേശീയ നേതൃത്വവുമായി ആശയവിനിമയം നടത്തിയേക്കുമെന്നാണു പുറത്തു വരുന്ന സൂചനകള്‍.

മൂന്നു ബിജെപി എംഎല്‍എമാര്‍ നിയമസഭാംഗത്വം രാജിവച്ച് കോണ്‍ഗ്രസില്‍ ചേക്കേറിയതിനു പിന്നാലെ സഖ്യകക്ഷിയായ എന്‍പിപിയിലെ 4 അംഗങ്ങളും ഏക തൃണമൂണ്‍ കോണ്‍ഗ്രസ് അംഗവും ഒരു സ്വതന്ത്ര അംഗവും മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ എന്‍.ബിരോണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറി. 60 അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാരിന് 23 പേരുടെ പിന്തുണ മാത്രമാണുള്ളത്.

നിലവിലെ കണക്കു പ്രകാരം മണിപ്പുര്‍ നിയമസഭയുടെ അംഗബലം 49 ആണ്. കേവല ഭൂരിപക്ഷത്തിന് 25 പേരുടെ പിന്തുണവേണം. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനു 26 എംഎല്‍എമാരുടെ പിന്തുണയുണ്ട്. എന്നാല്‍ എന്‍പിപിയിലെ നാല് അംഗങ്ങളെ കൂടെനിര്‍ത്താന്‍ ബിജെപിക്കു കഴിഞ്ഞാല്‍ മണിപ്പൂരില്‍ പോരാട്ടം കനക്കും.

Top