അക്രമം; ലോകസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുര വീണ്ടും ചുവപ്പണിയുമെന്ന് ബി.ജെ.പിക്ക് ഭയം

tripura

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ‘പണി’ പാളുമെന്ന ഭയത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വം. അധികാരത്തില്‍ നിന്നും പുറത്തായ സി.പി.എം പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രതിമകള്‍ക്കും നേരെ നടക്കുന്ന വ്യാപക ആക്രമണം കലാപമായി പടര്‍ന്നത് ബി.ജെ.പിക്കെതിരായ ജനവികാരമുണ്ടാക്കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍.

ഐ.ബി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ആക്രമണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്.

60 അംഗ നിയമസഭയില്‍ 59 ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത് ഇതില്‍ 44 സീറ്റും നേടിയ ബി.ജെ.പിക്ക് ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ‘ചരിലാം’ മണ്ഡലത്തിലും വിജയം അനിവാര്യമാണ്. സി.പി.എം സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനാലാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്.

ഈ മണ്ഡലത്തില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഇപ്പോള്‍ ത്രിപുരയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായതിനാല്‍ ഈ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി വിജിയിക്കുമൊയെന്നാണ് ബിജെപിയുടെ ആശങ്ക. അങ്ങനെ വന്നാല്‍ അത് ത്രിപുരയിലെ ബി.ജെ.പി വിജയത്തിന്റെ ശോഭ കെടുത്തുമെന്നും ഇടതുപാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും ബി.ജെ.പി ഭയക്കുന്നു.

lenin

ലോകസഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമെന്നതിനാല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ ബി.ജെ.പി സംസ്ഥാന ഘടകത്തോടും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ത്രിപുര കലാപത്തില്‍ ഇതുവരെ ഗര്‍ഭിണിയടക്കം രണ്ടു പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പൂര്‍ണ്ണ ഗര്‍ഭിണിയായ സഞ്ജു പട്ടാരിര്‍ബോയാണ് ദാരുണമായി മരണപ്പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ലെനിന്‍ പ്രതിമകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് തകര്‍ത്ത് കളഞ്ഞത്. ഭരണഘടനാ ശില്പി അംബ് ദേകര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിമകളും തകര്‍ക്കപ്പെട്ടതില്‍ പെടും. ചിലയിടങ്ങളില്‍ പള്ളികള്‍ പോലും ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി.

1600 വീടുകള്‍ക്ക് നേരെ ആക്രമണം നടന്നതായും 135 പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതായും സി.പി.എം കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിനു പുറമെ 200 ഓളം പാര്‍ട്ടി ഓഫീസുകള്‍ കയ്യേറിയതായും വാഹനങ്ങള്‍ കത്തിച്ചും വീടുകള്‍ കൊള്ളയടിച്ചും ‘ ഭാരത് മാതാ കീ ജയ് വിളിച്ച് ‘അക്രമികള്‍ അഴിഞ്ഞാടുന്നതായും സി.പി.എം നേതൃത്വം ആരോപിക്കുന്നുണ്ട്.

tripura

ത്രിപുരയിലെ സംഘപരിവാര്‍ ആക്രമണത്തിനെതിരെ പാര്‍ട്ടി രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനിടെ ‘ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ ഇല്ലാതാക്കുന്നത് സ്വാഭാവികമാണെന്ന ഗവര്‍ണ്ണറുടെ ട്വീറ്റും ഇപ്പോള്‍ വലിയ വിവാദമായിട്ടുണ്ട്. ലെനിന്‍ പ്രതിമ തകര്‍ക്കല്‍ ആവേശകരമാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവും ട്വീറ്റ് ചെയ്തു.

ആര്‍.എസ്.എസിന്റെ യഥാര്‍ത്ഥ സ്വഭാവമാണ് ഇപ്പോള്‍ ത്രിപുരയില്‍ പ്രകടമായിരിക്കുന്നതെന്ന് തുറന്നടിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഫിനിക്‌സ് പക്ഷിയെ പോലെ സി.പി.എം തിരിച്ചു വരുന്നത് ഉടന്‍ കാണാമെന്നും വ്യക്തമാക്കി. ഭരണം നഷ്ടപ്പെട്ടെങ്കിലും 45.6 ശതമാനം വോട്ട് ത്രിപുരയില്‍ നേടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍

Top