ബിജെപി പരാജയപ്പെട്ടു; സർക്കാരുണ്ടാക്കാൻ ശിവസേന രംഗത്തിറങ്ങും: സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രില്‍ കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചിട്ടും ഇതുവരെ സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനം ഒന്നുമായിട്ടില്ല. സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്വിതത്വം തുടരുമ്പോള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിയാതെവരുന്ന സാഹചര്യത്തില്‍ ശിവസനേ ആ ദൗത്യം ഏറ്റെടുത്ത് രംഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ് ശത്രുവല്ല, എല്ലാ പാര്‍ട്ടികള്‍ തമ്മിലും ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചിട്ടുണ്ട്. ശിവസനേ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ശിവസേന പലതവണ ആവശ്യപ്പെട്ടതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലംവന്ന് 15 ദിവസം കഴിഞ്ഞിട്ടും അതിനുവേണ്ടി ബിജെപി ഒന്നുംതന്നെ ചെയ്തിട്ടില്ല. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ശിവസേന അതിന് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്ക് 105 എംഎല്‍എമാരും ശിവസേനക്ക് 56 എംഎല്‍എമാരുമാണുള്ളത്. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായത്. ശിവസേനയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ടു കഴിഞ്ഞദിവസം രാജിക്കത്ത് നല്‍കിയിരുന്നു.

ഭരണത്തില്‍ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വര്‍ഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

Top